Skip to main content
ജനകീയമായി ടുഗെദര്‍ ഫോര്‍ തൃശ്ശൂര്‍: രണ്ടാംഘട്ടത്തിന് തുടക്കം

ജനകീയമായി ടുഗെദര്‍ ഫോര്‍ തൃശ്ശൂര്‍: രണ്ടാംഘട്ടത്തിന് തുടക്കം

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ 'ടുഗെദര്‍ ഫോര്‍ തൃശ്ശൂരി'ന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചിറയ്ക്കല്‍ ഐഡിയല്‍ ജനറേഷന്‍ സ്‌കൂളില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കലക്ടര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ അതിദരിദ്ര കുടുംബങ്ങള്‍ക്കു ഭക്ഷണം ഉറപ്പാക്കുന്നതാണു 'ടുഗെദര്‍ ഫോര്‍ തൃശ്ശൂര്‍' പദ്ധതി. ജില്ലയിലെ 115 സി.ബി.എസ്.ഇ സ്‌കൂളുകളാണ് ടുഗെദര്‍ ഫോര്‍ തൃശ്ശൂരിന്റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചത്. ഇതിന്റെ ഭാഗമായി വിവിധ സിബിഎസ്ഇ സ്‌കൂളുകള്‍ മുഖേന 1037 അതിദരിദ്ര കുടുംബങ്ങള്‍ക്കു ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ കഴിയും. ഇന്നലെ (നവംബര്‍ 6) ജില്ലയിലെ 61 സ്‌കൂളുകളിലാണ് പദ്ധതിയ്ക്ക് ആരംഭമായത്. ഈ ആഴ്ച തന്നെ മറ്റ് സിബിഎസ്‌സി വിദ്യാലയങ്ങളിലും പദ്ധതി ആരംഭിക്കും.

ആദ്യഘട്ടത്തില്‍ 462 കുടുംബങ്ങള്‍ക്ക് 13 സ്‌പോണ്‍സര്‍മാരിലുടെ സഹായം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞിട്ടുണ്ട്.

എളവള്ളിയില്‍ ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ തുടങ്ങി 

അതിദരദ്ര നിര്‍മ്മാര്‍ജ്ജാത്തിന്റെ പ്രത്യേക പദ്ധതിയായ ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ എളവള്ളി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. അതിദരിദ്രരുടെ പട്ടികയില്‍പ്പെട്ടവര്‍ക്ക് സിബിഎസ്ഇ സ്‌കൂളുകള്‍ മുഖേന ഭക്ഷ്യധാന്യകിറ്റുകളും നല്‍കി. എളവള്ളി ഗ്രാമപഞ്ചായത്തിലെ പത്ത് കുടുംബങ്ങള്‍ക്ക് ഗോകുലം പബ്ലിക് സ്‌കൂളും അഞ്ചു കുടുംബങ്ങള്‍ക്ക് വിദ്യ വിഹാര്‍ സെന്‍ട്രല്‍ സ്‌കൂളുമാണ് വിതരണം ചെയ്തത്. 

പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ ഗോകുലം പബ്ലിക് സ്‌കൂളില്‍ നിര്‍വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായി.

 ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീബിത ഷാജി, പി.എം. അബു, എം.പി. ശരത് കുമാര്‍, സീമ ഷാജു, ഗോകുലം പ്രിന്‍സിപ്പാള്‍ കെ.പി. ശ്രീജിത്ത്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സിത്താര ധനുനാഥ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ലിന്‍ഷ എം, പ്രകാശ് ടി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, സിംജ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍; ശ്രീനാരായണപുരത്ത് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

 ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.  ഭക്ഷ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ശ്രീസായി വിദ്യാഭവന്‍ സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എം.എസ്. മോഹനന്‍ നിര്‍വഹിച്ചു. 

വെമ്പല്ലൂര്‍ ശ്രീസായി വിദ്യാഭവന്‍ സ്‌കൂളിന്റെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടപ്പാക്കിയ പദ്ധതി വഴി തെരഞ്ഞെടുക്കപ്പെട്ട ആറ് കുടുംബങ്ങള്‍ക്കാണ് മാസം തോറും ഭക്ഷ്യക്കിറ്റുകള്‍ ഇനി മുതല്‍ വീടുകളില്‍ എത്തിക്കുന്നത്.

 സ്‌കൂള്‍ മാനേജര്‍ പി. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്ള ബാബു പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.സി. ജയ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ. അയൂബ്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. നൗഷാദ്, പ്രിന്‍സിപ്പാള്‍ വിജയകുമാരി, വാര്‍ഡ് മെമ്പര്‍ കൃഷ്‌ണേന്ദു, കെ.എച്ച്. സറീന, വിജയശ്രീ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date