Skip to main content
വിജയരാഘവപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി മന്ദിര നിര്‍മ്മാണം തുടങ്ങി

വിജയരാഘവപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി മന്ദിര നിര്‍മ്മാണം തുടങ്ങി

വിജയരാഘവപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി സ്മാരകമായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. ശിലാഫലകം അനാച്ഛാദനവും നിര്‍വ്വഹിച്ചു. പി.കെ. ചാത്തന്‍ മാസ്റ്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ ഡോളി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ചാലക്കുടി ഉപജില്ലാ ശാസ്‌ത്രോത്സവം പ്രവര്‍ത്തിപരിചയമേള സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തില്‍ എ ഗ്രേഡോടെ ജില്ലാതല മത്സരങ്ങളിലേക്ക് അര്‍ഹത നേടിയ അഭിരാമി പി.എസിനെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും എന്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 
 ഉള്ളാട്ടികുളം ഫാമിലി ട്രസ്റ്റ് സ്‌കൂളിന് ധനസഹായവും ചടങ്ങില്‍ കൈമാറി. 

നൂറ് വര്‍ഷം മുമ്പ് രൂപം കൊണ്ട ചാലക്കുടിയിലെ വിജയരാഘവപുരം എന്ന ഗ്രാമത്തോടൊപ്പം തന്നെ ഇവിടെ സ്ഥാപിതമായ സ്‌കൂളിന് 2 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം ഒരുക്കുന്നത്. മൂന്ന് നിലകളിലായി പത്ത് ക്ലാസ്സ് റൂമുകളും, ഓഫീസ് റൂമുകളും, സ്റ്റാഫ് റൂം, ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഭിന്നശേഷി സൗഹൃദത്തോടെയാണ് നിര്‍മ്മാണം.

വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, വിദ്യാഭ്യാസകാര്യ ചെയര്‍പേഴ്‌സണ്‍ സൂസി സുനില്‍, വികസനകാര്യ ചെയര്‍മാന്‍ ജോര്‍ജ് തോമസ്, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ജിജി ജോണ്‍സണ്‍, ആരോഗ്യകാര്യ ചെയര്‍മാന്‍ ദീപു ദിനേശ്, പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ സൂസമ്മ ആന്റണി, നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥന്‍, വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ആനി പോള്‍, ഇരിങ്ങാലക്കുട ഡിഇഒ ബാബു മഹേശ്വരി പ്രസാദ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.കെ. സുമ, ഹെഡ്മിസ്ട്രസ്സ് എസ്. ബിജി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ഷിബു വാലപ്പന്‍, സി.എസ് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 

സ്‌കൂളിന്റെ നാള്‍വഴികള്‍ 

നൂറ് വര്‍ഷം മുമ്പ് രൂപം കൊണ്ട ചാലക്കുടിയിലെ വിജയരാഘവപുരം എന്ന ഗ്രാമത്തോടൊപ്പം തന്നെ ഇവിടെ സ്ഥാപിതമായതാണ് വിജയരാഘവപുരം സ്‌കൂള്‍. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റിലാണ് നിര്‍മ്മാണത്തിനാവശ്യമായ തുക അനുവദിച്ചത്. 

 1920 ല്‍ കൊച്ചി രാജാവിന്റെ ദിവാനായിരുന്ന തിരുവലന്‍കുടി വിജയ രാഘവാചാര്യരാണ് സമൂഹത്തിലെ താഴേക്കിടയിലുള്ള വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി ഇവിടെ കോളനി സ്ഥാപിച്ചത്. അതുകൊണ്ടാണ് ഈ ഗ്രാമം വിജയ രാഘവപുരമെന്നും, വി.ആര്‍.പുരം എന്ന ചുരുക്ക പേരിലും അറിയപ്പെട്ടത്.

56 ഏക്കറിലായി കോളനി സ്ഥാപിച്ച ദിവാന്‍ വിവിധ നാടുകളില്‍ നിന്നായി നാല്‍പതോളം പട്ടികജാതി കുടുംബങ്ങളെ ഇവിടെ സുരക്ഷിതമായി താമസിപ്പിച്ചു. വിദ്യാഭ്യാസത്തിനോ, ആരാധനക്കോ സ്വാതന്ത്ര്യമില്ലാതിരുന്ന ഈ കാലഘട്ടത്തില്‍ തന്നെ, ഇവിടെ ഇവര്‍ക്കായി വിദ്യാലയം, ക്ഷേത്രം, തൊഴില്‍ കേന്ദ്രം, ആരോഗ്യ കേന്ദ്രം, ശ്മശാനം, പൊതുകുളം, പൊതു കിണറുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊക്കെ തന്നെ ദിവാന്‍ സ്ഥാപിച്ചിരുന്നു.

അന്ന് ഓല മേഞ്ഞ മുറികളില്‍ പ്രവര്‍ത്തിച്ച പ്രാഥമിക വിദ്യാഭ്യാസം മാത്രം നല്‍കിയിരുന്ന വിദ്യാലയമാണ് പിന്നീട്  യു പി യായും, ഹൈസ്‌കൂളായും, 2013 - 14 ല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ന്നത്.

ചാലക്കുടിയില്‍ പട്ടണത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഏക സര്‍ക്കാര്‍ വിദ്യാലയവും കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ച്ചയായി എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ ചാലക്കുടിയിലെ ഏക സര്‍ക്കാര്‍ സ്‌കൂള്‍ എന്ന പ്രത്യേകതയും ഈ സ്ഥാപനത്തിനുണ്ട്. ഏറെ പഴക്കം ചെന്നതും ഓടുമേഞ്ഞിരുന്നതും പിന്നീട് ഷീറ്റ് മേഞ്ഞതുമായ കെട്ടിടത്തിലാണ് പ്രധാനമായും കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സ് റൂമുകളും ഓഫീസ് റൂമുകളും പ്രവര്‍ത്തിച്ചു വന്നിരുന്നത്.

2013 - 14 അധ്യയന വര്‍ഷം ഈ വിദ്യാലയം ഹയര്‍ സെക്കന്ററിയായി ഉയര്‍ന്നെങ്കിലും, നിലവിലുള്ള കെട്ടിടങ്ങളില്‍ തന്നെയാണ് ഇതും പ്രവര്‍ത്തിച്ചത്. പിന്നീട് ഹയര്‍ സെക്കന്ററി വിഭാഗത്തിന് ഇരു നിലകളിലായ് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.
 കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ചാലക്കുടി നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിക്കുകയായിരുന്നു.

date