Skip to main content

അംബേദ്കര്‍ ഗ്രാമം പദ്ധതി: പ്രവൃത്തികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ജില്ലയില്‍ അംബേദ്കര്‍ ഗ്രാമം  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 16 കോളനികളിലെ പ്രവൃത്തികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ പിന്നാക്ക  ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പുകളുടെ ജില്ലയിലെ പദ്ധതി പ്രവൃത്തികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ ഹെബിറ്റാറ്റ് ആണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ പ്രവൃത്തികള്‍ ഏറ്റെടുത്ത ഏജന്‍സി. നിലവില്‍ അഞ്ച് കോളനികളില്‍ 90 ശതമാനവും ആറ് കോളനികളില്‍ 80 ശതമാനവും നാലിടത്ത് 60 ശതമാനവും പ്രവൃത്തി പര്‍ത്തിയായതായി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് പ്രവൃത്തികളുടെ വേഗത വര്‍ധിപ്പിച്ച് പദ്ധതി ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയത്. വകുപ്പ് ഉദ്യോഗസ്ഥര്‍ ദൈനംദിനം പ്രവൃത്തി പുരോഗതി വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
വകുപ്പിന് കീഴില്‍ ജില്ലയില്‍ നടക്കുന്ന മുഴുവന്‍ പ്രവൃത്തികളും മാസത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു. പ്രവൃത്തി ചെയ്യാന്‍ കാലതാമസം വരുത്തുന്ന നിര്‍വഹണ ഏജന്‍സികളെ റിസ്‌ക് ആന്റ് കേകാസ്റ്റ് വ്യവസ്ഥ പ്രകാരം ഒഴിവാക്കി പുതിയ ഏജന്‍സികള്‍ക്ക് പ്രവൃത്തി കൈമാറണം. അനിശ്ചിതമായി പദ്ധതി പ്രവൃത്തികള്‍ നീട്ടിക്കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ മണ്ഡലത്തിലെ പള്ളിപ്രം, നിരപ്പനക്കുന്ന് കോളനികളിലെ പ്രവൃത്തികള്‍ സംബന്ധിച്ച് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പള്ളിപ്രം കോളനിയിലെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തടസ്സം നീക്കാന്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

date