Skip to main content

കോടമ്പിള്ളി ചിറ ടൂറിസം പദ്ധതി ; നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു

 

ടൂറിസം സാധ്യതകൾ വിപുലപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ  മുന്നോട്ടു നീങ്ങുകയാണ് വേങ്ങൂർ ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ കൊമ്പനാട് സ്ഥിതിചെയ്യുന്ന  കോടമ്പിള്ളി  ചിറയിൽ വിവിധ പദ്ധതികളാണ്  ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. 

സംസ്ഥാന സർക്കാരിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പും വേങ്ങൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ഇവിടെ  ടൂറിസം പദ്ധതി ഒരുക്കുന്നത്. 50 ലക്ഷം രൂപയാണ് പദ്ധതിക്കായി  വിനിയോഗിക്കുന്നത്. കുട്ടികളുടെ പാർക്ക്, ബോട്ടിംഗ്, കോഫി ഷോപ്പ്, ശുചിമുറികൾ  തുടങ്ങിയവയാണ് കോടംമ്പിള്ളി ചിറ ടൂറിസം  പദ്ധതിയുടെ ഭാഗമായി ക്രമീകരിക്കുന്നത്.

പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രമാണ് 
 പാണിയേലി പോര്.  നിരവധി സഞ്ചാരികളാണ് ഇവിടെ വന്നുപോകുന്നത്. അവരുൾപ്പെടെയുള്ള വിനോദസഞ്ചാരികളെ കൂടി കോടമ്പിള്ളി ചിറയിലേക്ക് ആകർഷിക്കും വിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി കഴിഞ്ഞദിവസം ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രേം ഭാസിന്റെയും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് ശില്പ സുധീഷിന്റെയും നേതൃത്വത്തിൽ നേരിട്ട് സ്ഥലം സന്ദർശിച്ച്  വിലയിരുത്തുകയുണ്ടായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് അംഗം റ്റി.ബിജു, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരും  സംഘത്തിലുണ്ടായിരുന്നു.

date