Skip to main content

കാലടി ശ്രീശങ്കര പാലം : അറ്റകുറ്റപ്പണികൾ ആരംഭിക്കും

 

1.80 കോടി രൂപയുടെ ഭരണാനുമതി

പെരുമ്പാവൂർ - അങ്കമാലി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിലവിലുള്ള ശ്രീ ശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കും. ഇതിനായി 1.80 കോടി രൂപയുടെ ഭരണാനുമതിയായി.എസ്റ്റിമേറ്റ് അംഗീകരിച്ച്  ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഉടൻ നിർമ്മാണം  ആരംഭിക്കും.

 പാലത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിന് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയിരുന്നു. നിലവിലെ സ്ഥിതി, ഭാരം വലിക്കാനുള്ള ശേഷി, കോൺക്രീറ്റിന്റെ ബലം തുടങ്ങിയവ പരിശോധിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചിരിക്കുന്നത്.

 അറ്റകുറ്റപ്പണികളുടെ ഭാഗമായി പാലത്തിന്റെ  മുകൾഭാഗത്തെ പ്രതലത്തിന്റെ  കനം കുറയ്ക്കുന്നതിന് നിലവിലുള്ള ടാറിങ് പൂർണമായി ഇളക്കിമാറ്റും. ഇതിനു ശേഷം ഉന്നത നിലവാരത്തിൽ ടാർ ചെയ്യും . ബേറിങ് സംവിധാനത്തിലെ തകരാറുകൾ പരിഹരിക്കുവാൻ  വിദഗ്ധരുടെ സേവനം  പ്രയോജനപ്പെടുത്തും. സമയബന്ധിതമായി അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പുതിയ സമാന്തര പാലത്തിന്റെ  നിർമ്മാണവും പുരോഗമിക്കുന്ന ഘട്ടത്തിലാണ് നിലവിലുള്ള പാലത്തിന്റെ  അറ്റകുറ്റപ്പണികളും പൂർത്തിയാക്കുന്നത്.

പാലത്തിൽ പ്രവർത്തികൾ നടക്കുന്ന ദിവസങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടാനുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ഇതിനോടകം പൂർത്തിയാക്കുവാൻ ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകിയതായി എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളിൽ,  റോജി എം ജോൺ എന്നിവർ അറിയിച്ചു.

date