Skip to main content
തൊഴില്‍ - സൈബര്‍ തട്ടിപ്പുകള്‍ യുവജനങ്ങളെ ഇരകളാക്കുന്നു; യുവജന കമ്മീഷന്‍ 

തൊഴില്‍ - സൈബര്‍ തട്ടിപ്പുകള്‍ യുവജനങ്ങളെ ഇരകളാക്കുന്നു; യുവജന കമ്മീഷന്‍ 

*ആത്മഹത്യാ പ്രവണതകള്‍ ഏറുന്ന സാഹചര്യത്തില്‍ യുവജന കമ്മീഷന്‍ നേതൃത്വത്തില്‍ ശാസ്ത്രീയ പഠനം ആരംഭിക്കും

യുവജനങ്ങളെ അകപ്പെടുത്തുന്ന തൊഴില്‍ - സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍. യുവജന കമ്മീഷന്‍ അദാലത്തിനുശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. അന്യ രാജ്യങ്ങളിലേക്കുള്ള തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് പ്രധാനമായും തട്ടിപ്പുകള്‍ നടക്കുന്നത്. പരസ്യങ്ങളില്‍ വീണു പോകാതെ സമസ്ത വശങ്ങളെക്കുറിച്ചും ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഗൗരവപൂര്‍ണ്ണമായ അന്വേഷണം നടത്തി നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. 

 അഭ്യസ്തവിദ്യരായവര്‍ പോലും സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരകളാന്നുവെന്നുള്ളത് ഗൗരവമേറിയ വിഷയമാണ്. യുവജനങ്ങളെയും വിദ്യാര്‍ത്ഥി സംഘടനകളെയും സംയോജിപ്പിച്ചുകൊണ്ട് കമ്മീഷന്‍ നേതൃത്വത്തില്‍ വ്യാപകമായി ബോധവല്‍ക്കരണം സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും ചെയര്‍മാന്‍ അറിയിച്ചു.

യുവജനങ്ങളുടെ മാനസികാരോഗ്യവും പ്രസക്തമായ ചര്‍ച്ചാവിഷയം ആണെന്നും കമ്മീഷന്‍ അറിയിച്ചു. യുവജനങ്ങള്‍ക്കിടയിലെ ആത്മഹത്യാ പ്രവണതകള്‍ ഏറുന്ന സാഹചര്യത്തില്‍ യുവജന കമ്മീഷന്‍ നേതൃത്വത്തില്‍ ശാസ്ത്രീയ പഠനത്തിന് നേതൃത്വം നല്‍കാന്‍ ഒരുങ്ങുകയാണ്. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ എംഎസ്ഡബ്യു വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ നടന്ന ആത്മഹത്യകളെ പഠനവിധേയമാക്കും. ഈ മാസം തന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും യുവജന കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. 

യുവജനങ്ങളുമായി ബന്ധപ്പെടുന്ന സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെ മാധ്യമങ്ങള്‍ വിശാല പ്രതലത്തില്‍ അവതരിപ്പിക്കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. 

അദാലത്തില്‍ 16 കേസുകള്‍ പരിഗണിച്ചു

യുവജന കമ്മീഷന്‍ നടത്തിയ അദാലത്തില്‍ 16 കേസുകള്‍ പരിഗണിച്ചതില്‍ 6 കേസുകള്‍ പരിഹരിച്ചു. എട്ടെണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കും. 11 പുതിയ പരാതികള്‍ സ്വീകരിച്ചു. അദാലത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അംഗങ്ങളായ പി.കെ. മുബഷീര്‍, വി. വിനില്‍, അബേഷ് അലോഷ്യസ്, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അസിസ്റ്റന്റ് പി. അഭിഷേക് തുടങ്ങിയവര്‍ പങ്കെടുത്തു.

date