Skip to main content

ആയുര്‍വേദ ദിനാചരണ വിളംബരജാഥ

ആലപ്പുഴ: എട്ടാമത് ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന് തുടക്കം കുറിച്ചു ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ ആയുഷ് മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ വിളംബരജാഥ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഫ്‌ളാഗ് ഓഫ് ചെയ്തു. 'ആയുര്‍വേദം- എല്ലാവര്‍ക്കും എല്ലാ ദിവസവും' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ നടത്തിയത്. ജവഹര്‍ ബാലഭവനില്‍ നിന്നാരംഭിച്ച ജാഥ കളക്‌ട്രേറ്റ് അങ്കണത്തില്‍ സമാപിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ജില്ല- ബ്ലോക്ക്- പഞ്ചായത്ത് തലത്തില്‍ വിവധ സെമിനാറുകള്‍, ആരോഗ്യ ചര്‍ച്ചകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടത്തും. അങ്കണവാടി കുട്ടികള്‍ക്കായി ബാലാമൃതം പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്കായി ബോധി ക്വിസ് മത്സരം, കര്‍ഷകര്‍ക്കായി സെമിനാറുകള്‍ എന്നിവയും വിവിധ ദിവസങ്ങളില്‍ നടത്തും. പൊതുജനങ്ങള്‍ക്കും ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുമായി ആയുര്‍വേദ എക്‌സ്‌പോ, പരിശീലന പരിപാടികള്‍, സെമിനാറുകള്‍ എന്നിവ നവംബര്‍ 15 ന് ആലപ്പുഴ ടൗണ്‍ഹാളില്‍ നടക്കും.

ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.വി. അനില്‍കുമാര്‍, ദേശീയ ആയുഷ് മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ.ശ്രീജിനന്‍, എ.എം.എ.ഐ. ജില്ലാ പ്രസിഡന്റ് ഡോ.രഞ്ജിത്ത്, ജില്ലാ സെക്രട്ടറി ഡോ.ഷിനോയ് രാജ്, ഡോ.സൈനുലബ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിലെ ജീവനക്കാരും എ.എം.എ.ഐ പ്രതിനിധികളും എ.എച്ച്.എം.എ. പ്രതിനിധികളും ജാഥയില്‍ പങ്കാളികളായി.

date