Skip to main content

മണക്കാട് വില്ലേജ് ഓഫീസും ന്യൂ ജനറേഷനാക്കുന്നു

**ബഹുനില മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

നമ്മുടെ ഗ്രാമങ്ങൾ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഹൃദയമാണെന്നും ആധുനിക യുഗത്തിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് അവയെ ശാക്തീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി .നേമം നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട വില്ലേജ് ഓഫീസുകളിലൊന്നായ മണക്കാട് വില്ലേജ് ഓഫീസില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 57 ലക്ഷം രൂപ ചെലവിട്ട് നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വില്ലേജ് ഓഫീസുകൾ നവീകരിക്കുന്നതിലൂടെ അത്യാധുനിക സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനൊപ്പം  സമൂഹത്തെ സേവിക്കുന്ന രീതിയെ പരിവർത്തനം ചെയ്യുമെന്നും ഡിജിറ്റൽ പരിഹാരങ്ങൾ സമന്വയിപ്പിക്കുന്നതിലൂടെ, ഭരണപരമായ പ്രക്രിയകൾ കാര്യക്ഷമമാക്കാനും, ഉദ്യോഗസ്ഥതല തടസങ്ങൾ കുറയ്ക്കാനും, കാര്യക്ഷമത വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ യുഗത്തിൽ, ആധുനികവത്ക്കരിച്ച വില്ലേജ് ഓഫീസുകൾ ഭരണകൂടവും പ്രദേശവാസികളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കും. വില്ലേജ് ഓഫീസുകളിൽ ഇ-ഗവേണൻസ് ഏർപ്പെടുത്തുന്നത് സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുമെന്നും ഭരണത്തിനും ജനങ്ങൾക്കും ഇടയിൽ വിശ്വാസം വളർത്തുന്ന സുതാര്യമായ ഒരു സംവിധാനം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, തിരുവനന്തപുരം തഹസീൽദാർ ഷാജു എം. എസ്,  റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.

date