Skip to main content

പോക്‌സോ കോടതികള്‍ ശിശു സൗഹൃദമാവണം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം

പോക്‌സോ കോടതികള്‍ ശിശു സൗഹൃദമാക്കണമെന്ന്  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം                   ടി.സി ജലജ മോള്‍. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ,ലൈബ്രറികൾ തുടങ്ങിയവ ഉറപ്പുവരുത്തണമെന്ന്  ജില്ലാ വനിതാ ശിശു വികസന  ഓഫീസർക്ക് ടി.സി ജലജ നിർദേശം നൽകി. ജില്ലയിലെ കര്‍ത്തവ്യവാഹകരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ടി.സി ജലജ.

വിദ്യാഭ്യാസ നിയമം 2009, പോക്‌സോ , ബാലനീതി നിയമങ്ങൾ  മുതലായ നിയമങ്ങളുടെ ക്രിയാത്മകവും കൃത്യവുമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിലേയ്ക്കും നിലവിലെ പരിമിതികള്‍ മനസ്സിലാക്കുന്നതിനുമാണ്   യോഗം സംഘടിപ്പിച്ചത്.   പോക്‌സോ കോടതികളില്‍ കൂടുതല്‍ കേസുകള്‍ ഒത്തു തീര്‍ന്ന് പോവുന്നത് വളരെ  ഗൗരവകരമായാണ് കാണുന്നതെന്നും ഇത് ഒഴിവാക്കാന്‍ വിവിധ വകുപ്പുകള്‍  സംയോജിതമായും സമയബന്ധിതമായും ഇടപെടലുകള്‍ നടത്തുന്നത് ഉചിതമായിരിക്കും  കമ്മീഷൻ അംഗം കൂട്ടിച്ചേർത്തു. പോക്‌സോ അതിജീവിതരായ കുട്ടികള്‍ക്ക് സപ്പോര്‍ട്ട് പേഴ്‌സണ്‍ന്റെ സേവനം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അവർ പറഞ്ഞു. വിദ്യാലയങ്ങള്‍ ശിശു സൗഹാര്‍ദമാവണമെന്നും വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള ആനുകൂല്യങ്ങള്‍, സൗകര്യങ്ങള്‍ പൂര്‍ണ്ണമായും വിനിയോഗിക്കണമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

 കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കര്‍ത്തവ്യവാഹകരുടെ  യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ്    അതോറിറ്റി സെക്രട്ടി മിഥുന്‍ റോയ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ വി. മോഹനന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍  റ്റിജു റേച്ചല്‍, ജില്ലാ ശിശു വികസന ഓഫീസര്‍ ശുഭ.എസ്, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date