Skip to main content

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളില്‍ നേരിട്ടെത്തുന്ന നവകേരള സദസ് പാലക്കാട് ഡിസംബര്‍ 1, 2, 3 തീയതികളില്‍, 1ന് തൃത്താലയില്‍ തുടക്കം

മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസ് പാലക്കാട് ജില്ലയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ഡിസംബര്‍ ഒന്നിന് തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ രണ്ടിന് പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാര്‍ക്കാട് നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ മൂന്നിന് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ നിയോജകമണ്ഡലങ്ങളിലുമാണ് നവകേരള സദസ് നടക്കുക. ഓരോ മണ്ഡലത്തിലും അയ്യായിരത്തില്‍പരം പേര്‍ പങ്കെടുക്കും.
ഡിസംബര്‍ ഒന്നിന് രാവിലെ 11 ന് തൃത്താല നിയോജകമണ്ഡലതല നവകേരള സദസ് ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയം പരിസരത്തും വൈകിട്ട് മൂന്നിന് പട്ടാമ്പി നിയോജകമണ്ഡലതല നവകേരള സദസ്, പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്‌കൃത കോളെജിലും വൈകിട്ട് 4.30 ന് ഷൊര്‍ണൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും വൈകിട്ട് 5.30 ന് ഒറ്റപ്പാലം നിയോജകമണ്ഡലതല നവകേരള സദസ് ചിനക്കത്തൂര്‍ കാവ് മൈതാനത്തും നടക്കും. ഡിസംബര്‍ രണ്ടിന് രാവിലെ 10 ന് പാലക്കാട് നിയോജകമണ്ഡലതല നവകേരള സദസ് പാലക്കാട് കോട്ടമൈതാനത്തും വൈകിട്ട് മൂന്നിന് മലമ്പുഴ നിയോജകമണ്ഡലതല നവകേരള സദസ് മുട്ടിക്കുളങ്ങര സെക്കന്‍ഡ് ബറ്റാലിയന്‍ പോലീസ് ക്യാമ്പ് മൈതാനത്തും വൈകിട്ട് നാലിന് കോങ്ങാട് നിയോജകമണ്ഡലതല നവകേരള സദസ് കോങ്ങാട് ടൗണിലും വൈകിട്ട് ആറിന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലതല നവകേരള സദസ് കിനാതി മൈതാനത്തും നടക്കും.
ഡിസംബര്‍ മൂന്നിന് രാവിലെ 11 ന് ചിറ്റൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് ചിറ്റൂര്‍ ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും വൈകിട്ട് മൂന്നിന് നെന്മാറ നിയോജകമണ്ഡലതല നവകേരള സദസ് നെന്മാറ ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും വൈകിട്ട് നാലിന് ആലത്തൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് സ്വാതി ജങ്ഷനിലെ പുതുക്കുളങ്ങര കാവ് പറമ്പ് മൈതാനത്തും വൈകിട്ട് ആറിന് തരൂര്‍ നിയോജകമണ്ഡലതല നവകേരള സദസ് വടക്കഞ്ചേരി പ്രിയദര്‍ശിനി ബസ് സ്റ്റാന്‍ഡിലും നടക്കും.

 

ഷൊര്‍ണുര്‍, പാലക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ പ്രഭാതയോഗങ്ങള്‍

ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പതിന് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ കുളപ്പുള്ളി പള്ളിയാലില്‍ ഓഡിറ്റോറിയത്തിലെ പ്രഭാതയോഗത്തോടെയാണ് ജില്ലയിലെ നവകേരള സദസിന് തുടക്കമാവുക. പ്രഭാതയോഗത്തില്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ഡിസംബര്‍ രണ്ടിന് രാവിലെ ഒന്‍പതിന് പാലക്കാട് നിയോജകമണ്ഡലത്തില്‍ രാമനാഥപുരം ക്ലബ് 6 കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രഭാതയോഗം നടക്കുക. ഡിസംബര്‍ മൂന്നിന് രാവിലെ ഒന്‍പതിന് ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തിലാണ് പ്രഭാത യോഗം നടക്കുക.

 

നവകേരള സദസ് വേദികളില്‍ പൊതുജനങ്ങള്‍ക്കായി പരാതി കൗണ്ടറുകള്‍

 

നവകേരള സദസ് വേദികളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കാന്‍ കൗണ്ടറുകളും സജ്ജീകരിക്കും. പരാതികള്‍ക്ക് രശീതിയും ലഭിക്കും.

 

നവകേരള സദസുമായി ബന്ധപ്പെട്ടുള്ള വീട്ടുമുറ്റസദസ് പുരോഗമിക്കുന്നു

ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന നവകേരള സദസിന് മുന്നോടിയായി വിവിധ മണ്ഡലങ്ങളില്‍ വീട്ടുമുറ്റ സദസ് നടന്നുവരുന്നു. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച ബൂത്തുകള്‍ക്ക് കീഴില്‍ ഒരു ബൂത്തില്‍ 25 പേരെ ഉള്‍പ്പെടുത്തിയാണ് യോഗം സംഘടിപ്പിക്കുക. ഒരു ബൂത്തില്‍ നാല് വീട്ടുമുറ്റ സദസാണ് നടക്കുക. കഴിഞ്ഞ ഏഴ് വര്‍ഷക്കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയാണ് സദസില്‍ പ്രതിപാദിക്കുക.

ബൂത്ത് തല ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരാണ് വീട്ടുമുറ്റ സദസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചെയര്‍മാന്‍ ജനപ്രതിനിധിയും കണ്‍വീനര്‍ അങ്കണവാടി അധ്യാപകരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആയിരിക്കും. ബൂത്ത് തല ചെയര്‍മാന്‍മാര്‍ യോഗത്തില്‍ വിഷയാവതരണം നടത്തും. ഗ്രാമപഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുത്ത് പരിശീലനം ലഭിച്ചവരാണ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വീട്ടുമുറ്റയോഗങ്ങളില്‍ ജനങ്ങളുമായി സംവദിക്കുന്നത്. യോഗത്തില്‍ പ്രദേശവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികള്‍, ആവശ്യങ്ങള്‍, മെച്ചപ്പെടുത്തേണ്ട മേഖലകള്‍ തുടങ്ങിയവ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. വിവിധ മണ്ഡലങ്ങളിലെ വീട്ടുമുറ്റ സദസുകള്‍ നവംബര്‍ 25 നകം പൂര്‍ത്തിയാകും.

വീട്ടുമുറ്റ സദസ്സിലും പരാതി നല്‍കാം

വീട്ടുമുറ്റ സദസ്സിലും പരാതികളും നാടിന്റെ വികസന നിര്‍ദേശങ്ങളും നല്‍കാം. വകുപ്പുതലത്തില്‍ നടപടിയെടുക്കേണ്ട വിഷയങ്ങളില്‍ രണ്ടാഴ്ചയ്ക്കകം നടപടിയുണ്ടാകും. സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കേണ്ടവയില്‍ മൂന്നുമാസത്തിനകം നടപടിയെടുക്കും.

പൊതുജനങ്ങളില്‍നിന്ന് സ്വീകരിക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതിവാങ്ങുകയും .

ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ 211 ബൂത്തുകളിലായി 74 വീട്ടുമുറ്റ സദസുകള്‍ ഇതുവരെ പൂര്‍ത്തിയായി. തൃത്താല മണ്ഡലത്തില്‍ 115 ബൂത്തുകളിലായി 212 വീട്ടുമുറ്റ സദസുകളാണ് പൂര്‍ത്തിയായത്. കോങ്ങാട് മണ്ഡലത്തില്‍ 172 ബൂത്തുകളിലായി 110 വീട്ടുമുറ്റ സദസുകള്‍ കഴിഞ്ഞു. മലമ്പുഴയില്‍ 216 ബൂത്തുകളിലായി 180 വീട്ടുമുറ്റ സദസ് നടന്നു. ഷൊര്‍ണൂര്‍ 208 ബൂത്തുകളിലായി 62 വീട്ടുമുറ്റ സദസുകള്‍ കഴിഞ്ഞു. പട്ടാമ്പി മണ്ഡലത്തില്‍ ആകെയുള്ള 480 ബൂത്തുകളിലെയും വീട്ടുമുറ്റ സദസ് കഴിഞ്ഞു. ചിറ്റൂര്‍ മണ്ഡലത്തിലെ 156 ബൂത്തുകളിലായി 199 വീട്ടുമുറ്റ സദസുകള്‍ പൂര്‍ത്തിയായി. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 180 ബൂത്തുകളിലായി 65 വീട്ടുമുറ്റ സദസുകളാണ് കഴിഞ്ഞത്. പാലക്കാട് മണ്ഡലത്തില്‍ 180 ബൂത്തുകളിലായി 152 വീട്ടുമുറ്റ സദസ്സുകള്‍ പൂര്‍ത്തിയായി.

date