Skip to main content

എന്‍ലൈറ്റ് - കേരളത്തിന് പുതിയ മാതൃക സൃഷ്ടിക്കാന്‍ കഴിയുന്ന പദ്ധതി

എന്‍ലൈറ്റ് കേരളത്തിന് പുതിയ മാതൃക സൃഷ്ടിക്കാന്‍ കഴിയുന്ന പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ -എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. വിവിധ മേഖലകളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ  ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന പദ്ധതിയായി എന്‍ലൈറ്റ് തൃത്താല സമഗ്ര വിദ്യാഭ്യാസ പദ്ധതി മാറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മേഴത്തൂര്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന തൃത്താല സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രെഡിക്റ്റ് സ്‌കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കോളര്‍ഷിപ്പ് പദ്ധതി എന്നതില്‍ നിന്ന് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായി പ്രെഡിക്റ്റ് മാറി കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് പോലെയുള്ള ഓറിയന്റഷന്‍ ക്ലാസുകള്‍ക്ക് പദ്ധതിയുണ്ട്. വിദേശ വിദ്യാഭ്യാസം ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസരംഗത്തെ ചൂഷണം തടയാന്‍ ഉന്നത വിദ്യാഭ്യാസ എക്‌സിബിഷന്‍ ആസൂത്രണം ചെയ്യുകയാണ്. സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ള ആളുകളുമായും ആശയവിനിമയത്തിനുള്ള സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ ഒരുക്കുന്നുണ്ട്.

ചോദ്യങ്ങളില്‍ നിന്നാണ് അറിവ് വളരുന്നത്. മനുഷ്യരാശിയും സമൂഹവും വികസിച്ചത് ചോദ്യങ്ങളിലൂടെയാണ്. നിരന്തരമായ സത്യാന്വേഷണമാണ് ശാസ്ത്രത്തിന്റെ രീതി. തെളിയിക്കപ്പെടാത്ത ഒന്നും ശാസ്ത്രം അംഗീകരിക്കില്ല. എന്‍ലൈറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ദേശം ശാസ്ത്രബോധം സൃഷ്ടിക്കുക എന്നതാണ്. ഇത്തവണത്തെ ഫിസിക്‌സ് നോബല്‍ സമ്മാന ജേതാക്കളുടെ സംഘ അംഗവും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് പ്രൊഫസറുമായ യുവശാസ്ത്രജ്ഞന്‍ പ്രൊഫ: അജിത് പരമേശ്വരന്‍ മുഖ്യാതിഥിയായി. അദ്ദേഹവുമായി വിദ്യാര്‍ത്ഥികളുടെ സംവാദ പരിപാടിയും ഒരുക്കി.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. പി റെജീന അധ്യക്ഷയായി. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാനിബ ടീച്ചര്‍ അനു വിനോദ്, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, അധ്യാപകര്‍ വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date