നവകേരള സദസ്: വിദ്യാര്‍ത്ഥികള്‍ ഇന്ന് 'സ്വപ്ന കേരളം' വരയ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും
ജില്ലയില്‍ ഡിസംബര്‍ 1,2,3 തീയതികളില്‍ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയിലെയും കണ്ണാടി, മാത്തൂര്‍, പിരിയിരി ഗ്രാമപഞ്ചായത്തുകളിലെയും വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ സങ്കല്പത്തിലുള്ള 'സ്വപ്ന കേരളം' വരയ്ക്കും. പി.എം.ജി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നവകേരള സദസ് പാലക്കാട് നിയോജക മണ്ഡലം ചെയര്മാന് ടി.കെ നൗഷാദ്, നവകേരള സദസ് പാലക്കാട് നിയോജമണ്ഡലം കണ്‍വീനറും സ്പെഷ്യല്‍ തഹസില്‍ദാറുമായ പി.മധു, ഡി.ഇ.ഒ ഉഷ മനാട്ട് കെ.എ.എസ്, എ ഇ ഒ സുനില്‍കുമാര്‍, പി.എം.ജി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പള്‍ ഉഷ എന്നിവര്‍ പങ്കെടുക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ 20x4 അടിയിലുള്ള തുണി ബാനറിലാണ് വിദ്യാര്‍ത്ഥികള്‍ അവരുടെ സ്കൂളുകളില്‍ വരയ്ക്കുക. വിദ്യാര്‍ത്ഥികള്‍ വരച്ച 'സ്വപ്ന കേരളം' നവകേരള സദസിന്റെ വേദിയില്‍ പ്രദര്‍ശിപ്പിക്കും.
സ്വപ്ന കേരളം പെയിന്റിങിന് പുറമെ കുട്ടികള്‍ 'ഭാവി കേരളം' എന്ന വിഷയത്തില്‍ മന്ത്രിസഭയ്ക്ക് കുറിപ്പെഴുതും. തെരഞ്ഞെടുത്ത കുറിപ്പുകള്‍ പാലക്കാട് നിയോജക മണ്ഡല തലത്തില്‍ വിലയിരുത്തി സമ്മാനം നല്‍കും. ഇതിനുപുറമെ നവകേരളസദസിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ഫ്ളാഷ് മോബ്, ബാന്‍ഡ്മേളം എന്നിവ സംഘടിപ്പിക്കും.
- Log in to post comments