Skip to main content

നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു; പ്രഭാത യോഗത്തില്‍ ഇരുന്നൂറോളം ക്ഷണിതാക്കള്‍

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു. നവംബര്‍ 23 ന് രാവിലെ 9 ന് ചന്ദ്രിഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ ജില്ലയില്‍ നിന്നുള്ള 200 ഓളം ക്ഷണിതാക്കള്‍ പങ്കെടുക്കും. പുരസ്‌കാര ജേതാക്കള്‍, കലാകാരന്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍, വെറ്ററന്‍സ് പ്രതിനിധികള്‍, കര്‍ഷക തൊഴിലാളികള്‍, സഹകരണ സ്ഥാപന തൊഴിലാളികകളുടെ പ്രതിനിധികള്‍  തുടങ്ങി സാമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍ നവകേരള സദസ്സിലെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടം തേടും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇവരോട് സംവദിക്കും. സര്‍ക്കാരിന്റെ വികസന നയരൂപീകരണത്തിലേക്ക് പ്രഭാത യോഗത്തിലെ വിവിധ തുറകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വരൂപിക്കും. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ടവരായിരിക്കും ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ പങ്കെടുക്കുക. ഇതിന് ശേഷം രാവിലെ 11 നാണ് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ പ്രത്യേക വേദിയില്‍  കല്‍പ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ്  നടക്കുക. സുല്‍ത്താന്‍ ബത്തേരി മണ്ഡലം നവകേരള സദസ്സ് വൈകീട്ട് 3 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്തും മാനന്തവാടി മണ്ഡലം നവകേരള സദസ്സ് വൈകീട്ട് 4.30 ന് മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സ് മൈതാനത്തും നടക്കും. നവകേരള സദസ്സിന് മൂന്ന് മണിക്കൂര്‍ മുമ്പായി കേന്ദ്രങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കാനുള്ള കൗണ്ടറുകള്‍ ഇവിടങ്ങളില്‍ പ്രവര്‍ത്തിച്ച് തുടങ്ങും.  പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാനുള്ള പത്തോളം കൗണ്ടറുകളും നവകേരള സദസ്സ് വേദിക്ക് പുറത്ത് സജ്ജീകരിക്കും. പരാതി നല്‍കുന്നവര്‍ക്ക് അപ്പോള്‍ തന്നെ കൈപ്പറ്റ് രസീതി നല്‍കുന്ന സംവിധാനവും ഉണ്ടാകും. ഇതില്‍ ലഭിക്കുന്ന പരാതികള്‍ ഒരു മാസത്തിനുളളില്‍ തീര്‍പ്പുകല്‍പ്പിക്കും. പരാതികളുടെ തുടര്‍ നടപടികള്‍ അറിയാനും നവകേരള സദസ്സ് വെബ് സൈറ്റ് വഴി സൗകര്യം ഒരുക്കും. വേദികളില്‍ കലാപരിപാടികളും അരങ്ങേറും.
വിപലുമായ ഒരുക്കങ്ങള്‍
ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും നവകേരള സദസ്സിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നുള്ള ജന പങ്കാളിത്തം നവകേരള സദസ്സിനുണ്ടാകും. ഗ്രാമാന്തര തലങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ആദിവാസി വിഭാഗങ്ങളുടെയും പൂര്‍ണ്ണ പങ്കാളിത്തമുണ്ടാകും. മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ് തല സംഘാടക സമിതികള്‍ ഇതിനായി ഏകോപനം നടത്തും. പ്രത്യേക വേദിയാണ് നവകേരള സദസ്സില്‍ ഓരോ മണ്ഡലത്തിലും ഒരുങ്ങുക. മുഖ്യമന്ത്രി മന്ത്രിമാര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം പ്രത്യേക ഇരിപ്പിടങ്ങള്‍ വേദിയില്‍ സജ്ജീകരിക്കും. നവകേരള സദസ്സിന്റെ ജില്ലയിലെ ഒരുക്കങ്ങള്‍ കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വിവിധ വേദികളിലെ ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എ.ഡി.എം.എന്‍.ഐ.ഷാജു. ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date