Skip to main content

പുഴയോരത്തെ കയ്യേറ്റം കണ്ടെത്താൻ സർവേ സംഘത്തെ നിയോഗിക്കും: ജില്ലാ കലക്ടർ

കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര പുല്ലിപ്പുഴയുടെ തീരം സർവേ ചെയ്ത് തിട്ടപ്പെടുത്തുന്നതിന് സർവേ സംഘത്തെ നിയോഗിക്കാൻ ജില്ലാ കലക്ടർ വി.ആർ വിനോദ് നിർദേശം നൽകി. ജില്ലാ വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. അബ്ദുൾ ഹമീദ് എം.എൽ.എയാണ് ആവശ്യം ഉന്നയിച്ചത്. കയ്യേറ്റമുള്ള ഭാഗങ്ങൾ കണ്ടെത്തുന്നതിനാണ് സർവേ. ഇതിനായി കോഴിക്കോട് താലൂക്ക് സർവേയറുടെ സേവനം ലഭ്യമാക്കും. ജൽജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച പൊന്നാനി നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ഡിസംബർ അവസാന വാരത്തിൽ പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി എക്‌സി. എഞ്ചിനീയർ അറിയിച്ചു. പെരിന്തൽമണ്ണ മണ്ഡലത്തിലെ ആലിപ്പറമ്പ്, താഴേക്കോട് പഞ്ചായത്തുകളിൽ ജൽജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകളുടെ നവീകരണത്തിന് സാങ്കേതികാനുമതി ലഭ്യമായാലുടൻ പ്രവൃത്തി ടെൻഡർ ചെയ്യും.

ജനകീയ ഹോട്ടലുകൾക്ക് നൽകാനുള്ള തുകയിൽ 4,80,00,000 (നാല് കോടി എൺപത് ലക്ഷം) ലഭ്യമായിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം കൊടുത്തുതീർക്കുമെന്നും കുടംബശ്രീ ജില്ലാ കോ-ഓഡിനേറ്റർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി യോഗത്തിൽ അറിയിച്ചു.  

തിരുനാവായ നോർത്ത് പല്ലാറിലുള്ള റേഷൻകട മാറ്റിസ്ഥാപിച്ചത് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടിയാണെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. നോർത്ത് പല്ലാറിൽ നിന്ന് മാറ്റിയ റേഷൻകട അവിടെത്തന്നെ നിലനിർത്തുകയും സൗത്ത് പല്ലാറിലേക്ക് പുതിയതായി അനുവദിച്ച റേഷൻകട സ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ സപ്ലൈ ഓഫീസർ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

ദേശീയപാത നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നിയൂർ പഞ്ചായത്തിലെ മുപ്പതോളം വീടുകളിലേക്കുള്ള വഴി നഷ്ടപ്പെട്ടുവെന്ന പരാതിയിൽ പരിഹാരംകണ്ട ജില്ലാ കലക്ടറെ പി. അബ്ദുൾ ഹമീദ് എം.എൽ.എ യോഗത്തിൽ അഭിനന്ദിച്ചു. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടയുടൻ കലക്ടർ സ്ഥലം സന്ദർശിച്ചു. കൂടുതൽ സ്ഥലം കണ്ടെത്തി പ്രദേശവാസികളുടെ വഴിപ്രശ്‌നം പരിഹരിക്കുകയായിരുന്നു ജില്ലാ ഭരണകൂടം.

ദേശീയപാതയുടെ പണിപൂർത്തിയാവുന്നതോടെ അഴുക്കുചാൽ പ്രശ്‌നം പൂർണമായും പരിഹരിക്കപ്പെടുമെന്ന് ദേശീയപാത അതോറിറ്റി ലെയ്‌സണിങ് ഓഫീസർ പി.പി.എം അഷ്‌റഫ് യോഗത്തിൽ അറിയിച്ചു. വയലുകളിൽ നിന്ന് വെള്ളം ഒഴിഞ്ഞുപോകാൻ സംവിധാനങ്ങൾ ഒരുക്കുമെന്നും കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും അദ്ദേഹം കെ.പി.എ മജീദ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി യോഗത്തിൽ വിശദീകരിച്ചു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി എടരിക്കോട് പ്രദേശത്തെ കർഷകരുടെ ആശങ്കയാണ് എ.എൽ.എ യോഗത്തിൽ ഉന്നയിച്ചത്.
ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഗണിതാധ്യാപകരുടെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അഡൈ്വസ് നൽകുന്ന മുറയ്ക്ക് ഒഴിവുകൾ നികത്തുമെന്നും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കേന്ദ്രഫണ്ട് ലഭിക്കാത്ത സാഹചര്യത്തിൽ പ്രാദേശികമായ സഹകരണത്തിലൂടെ സ്‌കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും നിലവിൽ കുടിശ്ശികയില്ലെന്നും ഡി.ഡി.ഇ അറിയിച്ചു.
 
സർക്കാർ ഓഫീസുകളിൽ സർക്കാർ ഉത്തരവനുസരിച്ചുള്ള ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മാലിന്യസംസ്‌കരണം മാതൃകാപരമായി നടപ്പിലാക്കണം. വീടുകളിലെ ഖരമാലിന്യ ശേഖരണം എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും നൂറ് ശതമാനമാക്കണം. സിവിൽ സ്റ്റേഷൻ അടക്കമുള്ള ഓഫീസുകളിൽ മിനി എം.സി.എഫ് സ്ഥാപിക്കണമെന്നും കലക്ടർ പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകണമെന്ന് ജില്ലാകലക്ടർ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭൂമിയില്ലാത്തവർക്ക് ഭൂമി, രേഖകളില്ലാത്തവർക്ക് ഭൂമിയുടെ രേഖകൾ, വീടുകളില്ലാത്തവർക്ക് വീടുകൾ തുടങ്ങി അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. ഇതിന്റെ ഭാഗമായി വിവിധ മിഷനുകളുടെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി. ലൈഫ് മിഷനിൽ 18,383 വീടുകൾ പൂർത്തീകരിച്ചതായി ലൈഫ് മിഷൻ കോ-ഓഡിനേറ്ററും വിദ്യാകിരണം പദ്ധതിയിൽ 16 സ്‌കൂളുകൾക്ക് അഞ്ചുകോടി വീതവും 86 സ്‌കൂളുകൾക്ക് മൂന്നുകോടി വീതവും 65 സ്‌കൂളുകൾക്ക് ഒരുകോടി വീതവും അനുവദിച്ചതായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓഡിനേറ്ററും അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ടി.വി ഇബ്രാഹിം എംഎൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, എ.ഡി.എം എൻ.എം മഹറലി, ജില്ലാ പ്ലാനിങ് ഓഫീസർ എ.എം സുമ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date