Skip to main content

മഴയിലും കെടാത്ത ആവേശം ജനസാഗരമായി നവകേരള സദസ്സ്

 
കാലം തെറ്റി പെയ്ത മഴയിലും ആവേശം ഒട്ടും കുറയാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സ് ജനസാഗരമായി മാറി. ബുധനാഴ്ച രാത്രിയില്‍ ജില്ലയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക ക്ഷണിതാക്കളുമായുള്ള പ്രഭാതയോഗത്തിന് ശേഷമാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ കല്‍പ്പറ്റ മണ്ഡലം നവകേരള സദസ്സിലേക്ക് മന്ത്രിമാരും മുഖ്യമന്ത്രിയും എത്തിയത്. ആയിരക്കണക്കിനാളുകളാണ് രാത്രിയില്‍ പെയ്ത മഴയുടെ ദുരിതങ്ങളൊന്നും വകവെക്കാതെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇവിടെ കാത്തുനിന്നത്. പരാതി സ്വീകരണ കൗണ്ടറുകള്‍ സമയക്രമങ്ങളെയെല്ലാം കവിഞ്ഞ് നീണ്ടതോടെ പരാതികള്‍ സ്വീകരിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. മുഴുവന്‍ പരാതികളും കൗണ്ടറുകളിലൂടെ സ്വീകരിക്കുകയും ഡോക്കറ്റ് നമ്പര്‍ നല്‍കുകയും  ചെയ്തു. ഇവയെല്ലാം സ്‌കാന്‍ ചെയ്ത് നവകേരളം പ്രത്യേക പോര്‍ട്ടലില്‍ വരും ദിവസം അപ്‌ലോഡുചെയ്യും. ഇതിന് ശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതികള്‍ പരിഹാരത്തിനായി ഓണ്‍ലൈനായി കൈമാറും. ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച് പരാതികളുടെ നിജസ്ഥിതികള്‍ അറിയാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി മണ്ഡലം നവകേരള സദസ്സ് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സെന്റ് മേരീസ് കോളേജില്‍ തുടങ്ങിയത്. ഇവിടെയും വന്‍ ജനാവലിയായിരുന്നു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാത്തിരുന്നത്. ഇവിടെയും കൗണ്ടറുകളില്‍ പരാതി നല്‍കാന്‍ വന്‍ നിരയുണ്ടായിരുന്നു.നവകേരള സദസ്സിന് മുമ്പിലായി വേദിയില്‍ കലാപരിപാടികളും അരങ്ങേറിയിരുന്നു. വൈകീട്ട് അഞ്ചോടെയാണ് മാനന്തവാടിയില്‍ നവകേരള സദസ്സ് വാഹനം എത്തിച്ചേര്‍ന്നത്. ഇവിടെ വന്‍ജനാവലി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റു. മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സ് മൈതാനം ജനസാഗരമായി മാറി. വയനാടിന്റെ സമഗ്ര വികസന മുന്നേറ്റത്തിന്റെ പ്രഖ്യാപനങ്ങളും നേര്‍ക്കാഴ്ചകളും മുഖ്യമന്ത്രി നവകേരളം വേദിയില്‍ അക്കമിട്ട് നിരത്തിയപ്പോള്‍ ഇതെല്ലാം നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. നവകേരള സദസ്സിനോടനുബന്ധിച്ച് കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും മാനന്തവാടിയിലും കലാപരിപാടികള്‍ അരങ്ങേറിയിരുന്നു. മാനന്തവാടിയില്‍ ബാവലി ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കമ്പളനാട്ടിയോടെയാണ് വേദി ഉണര്‍ന്നത്. സമാപനമായി അതുല്‍ നറുകരയുടെ സോള്‍ ഓഫ് ഫോക്ക് നാടന്‍പാട്ടുകളും വേദിക്ക് നിറം നല്‍കി. മാനന്തവാടി നിയോജക മണ്ഡലം വികസന പദ്ധതികളെ കോര്‍ത്തിണക്കി മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സില്‍ നടത്തിയ വികസന ഫോട്ടോ പ്രദര്‍ശനവും വേറിട്ടതായി മാറി. ഒ.ആര്‍.കേളു എം.എല്‍.എ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വന്‍ ജനാവലിയാണ് മാനന്തവാടിയില്‍ നവകേരള സദസ്സിനായി ഒത്തുചേര്‍ന്നത്. കുറ്റമറ്റ രീതിയില്‍ പരാതി സ്വീകരണ കൗണ്ടറുകളും ജില്ലയിലെ മൂന്ന് നവകേരള സദസ്സ് കേന്ദ്രങ്ങളിലും പ്രവര്‍ത്തിപ്പിക്കാനയതും നേട്ടമായി. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഇതിനായെല്ലാം ഒരുക്കിയിരുന്നത്.

date