Skip to main content
നവകേരള സദസിനെ വരവേൽക്കാൻ ഒരുങ്ങി ഇരിങ്ങാലക്കുട

നവകേരള സദസിനെ വരവേൽക്കാൻ ഒരുങ്ങി ഇരിങ്ങാലക്കുട

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന  നവകേരള സദസ്സ് വിപുലമായി നടത്തുന്നതിന് ഇരിങ്ങാലക്കുട മണ്ഡലം  ഒരുങ്ങി. ഡിസംബർ 6 ന് മുൻസിപ്പൽ മൈതാനത്തിൽ വൈകീട്ട് 4.30 നാണ് സദസ് നടക്കുന്നത്. നവകേരള സദസ്സിന് മുന്നോടിയായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ പരിപാടികളാണ്  നടത്തുന്നതെന്ന്  സംഘാടകസമിതി കൺവീനർ  ആർ ഡി ഒ എം കെ ഷാജി അറിയിച്ചു. നവംബർ 29ന് വൈകിട്ട് ആറുമണിക്ക് മുൻസിപ്പൽ മൈതാനത്തിൽ ഐക്യ കേരള ദീപ ജ്വാല സംഘടിപ്പിക്കും. നവ കേരളത്തിന്റെ ലോഗോ  മാതൃകയിലായിരിക്കും ദീപം  തെളിയിക്കുക.

ഇന്ന് (നവംബർ 25)  രാവിലെ 11 ന് കാക്കാത്തുരുത്തി സി ഷോറിൽ വയോജനങ്ങൾക്കായ്  'വായോസ്മിതം' എന്ന പരിപാടിയോടെ മണ്ഡലത്തിലെ  പരിപാടികൾക്ക് തുടക്കമാകും.  രാവിലെ 9 മുതൽ ആളൂർ കുടുംബശ്രീ ഹാളിൽ വച്ച് ഭിന്നശേഷി കുട്ടികൾക്കായി കലോത്സവം സംഘടിപ്പിക്കും. തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിന് സമീപമുള്ള അയ്യങ്കാളി സ്ക്വയറിൽ   വൈകിട്ട് 5  മുതൽ സിപി അബൂബക്കർ നയിക്കുന്ന മെഗാ കവിയരങ്ങ് ഉണ്ടാകും.
 
 നവംബർ 26 ന് ടൗൺഹാളിൽ രാവിലെ 9  മുതൽ മണ്ഡലത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കലോത്സവം അരങ്ങേറും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് മുൻസിപ്പൽ മൈതാനത്തിൽ ഷൂട്ടൗട്ട് മത്സരം നടത്തും. ഡിസംബർ 1 ന് പഞ്ചായത്ത്തല വിളംബര ജാഥ  സംഘടിപ്പിക്കും.  പാട്ടുക്കൂട്ടം, നൈറ്റ് വാക്ക്, സ്കൂൾ- കോളേജ് വിദ്യാർത്ഥികൾക്കായി കലോത്സവം, കുടുംബശ്രീ പ്രവർത്തകർക്കുള്ള പ്രത്യേക കലോത്സവം, ഫ്ലാഷ് മോബ്, വാർഡ് -ബൂത്ത്-അയൽക്കൂട്ടതലത്തിലുള്ള ദീപ ജ്വാല  എന്നിവയും സംഘടിപ്പിക്കും.  ഡിസംബർ നാലിന്  നടക്കുന്ന വിളംബരജാഥയോടു കൂടി മണ്ഡലത്തിലെ നവ കേരള സദസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വർണാഭമായ പരിപാടികൾക്ക് തിരശ്ശീല വീഴും.

ഇതിന് പുറമെ പഞ്ചായത്ത്തല സംഘാടകസമിതികളുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ വിവിധ മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

 സദസ്സിനോട് അനുബന്ധിച്ച്  പരാതികൾ സ്വീകരിക്കുന്നതിന് ഇരുപതോളം കൗണ്ടറുകൾ സജ്ജമാക്കും.  ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം കൗണ്ടർ ഒരുക്കും. നവകേരള സദസ്സിന് മുന്നോടിയായി അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണി മുതൽ എടപ്പാൾ വിശ്വനാഥും ഫിറോസ് ബാബുവും ചേർന്ന് നയിക്കുന്ന സംഗീതവിരുന്ന് ഉണ്ടാകും.

വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ടിവി, മുകുന്ദപുരം താലൂക്ക് തഹസിൽദാർ   ശാന്തകുമാരി കെ, റിസപ്ഷൻസ് സബ് കമ്മിറ്റി ചെയർമാൻ അഡ്വ. വിജയ തുടങ്ങിയവർ പങ്കെടുത്തു.

date