Skip to main content
നവകേരള സദസിന്റെ ഭാഗമായി മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച അവലോകന യോഗത്തിൽ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ.  ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

നവകേരള സദസ്: അവലോകന യോഗം സംഘടിപ്പിച്ചു

കോട്ടയം : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പൂഞ്ഞാർ നിയോജമണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ടു മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ അവലോകനയോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അവലോകനയോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിച്ചു.
പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി മുണ്ടക്കയം ടൗണിൽ ഡിസംബർ രണ്ടുമുതൽ 12 വരെ വ്യാപാര സ്ഥാപനങ്ങൾക്ക്  ദീപലങ്കാര മത്സരം സംഘടിപ്പിക്കും. ഒന്നാം സ്ഥാനക്കാർക്ക് എം.എൽ.എ സ്‌പോൺസർ ചെയ്യുന്ന 10,000 രൂപയും ട്രോഫിയും നൽകും. രണ്ടാം സ്ഥാനക്കാർക്ക് 7500 രൂപയും ട്രോഫിയും മൂന്നാംസ്ഥാനക്കാർക്ക് 5000 രൂപയും ട്രോഫിയും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകും.
 പഞ്ചായത്തിലെ വീട്ടുമുറ്റ സദസുകൾ നവംബർ 30നകം പൂർത്തിയാക്കും. വീട്ടുമുറ്റ സദസുകളിൽ ജനപങ്കാളിത്തം ഉറപ്പാക്കും. നവകേരളസദസിനെക്കുറിച്ച് ബോധവത്കരണം നടത്തും. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് എല്ലാ വീടുകളിലും ലഭ്യമാക്കും,. ബൂത്തുകളിൽനിന്നു സദസിൽ പങ്കെടുക്കുന്നവരുടെ പട്ടിക തയാറാക്കി വാഹനസൗകര്യം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.
 ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സാജൻ കുന്നത്ത്, ഡെപ്യൂട്ടി കളക്ടറും പുഞ്ച സ്‌പെഷ്യൽ ഓഫീസറുമായ എം. അമൽ മഹേശ്വർ, ജില്ലാ ആസൂത്രണസമിതി അംഗം കെ. രാജേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി  എസ്.ഷാഹുൽ അഹമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോയി ജോർജ്, പഞ്ചായത്ത് തല സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

 

date