Skip to main content

നവകേരള സദസ്: ഏറ്റുമാനൂർ കോൺക്ലേവിന് ഇന്ന് തുടക്കം

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവുകൾക്ക് ഇന്നു (നവംബർ 25) തുടക്കം. നവകേരളനിർമിതിക്കായി ഏറ്റുമാനൂരിന്റെ വികസന സാധ്യതകൾ എങ്ങനെ ഉപയോഗിക്കാം, സാംസ്‌കാരിക പൈതൃകം എങ്ങനെ സംരക്ഷിക്കണം തുടങ്ങിയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് നവംബർ 25,28,29,30 ഡിസംബർ 4,5,6 എന്നീ തിയതികളിലായി ഏഴു കോൺക്‌ളേവുകൾ സംഘടിപ്പിക്കുന്നത്.
 ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, കൃഷി, ടൂറിസം, വനിതാ-ശിശുക്ഷേമം, സാംസ്‌കാരികം എന്നീ വിഷയങ്ങളിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് സംഘടിപ്പിക്കുന്ന സെമിനാറിൽ വിദഗ്ധരും പ്രസ്തുതമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച തദ്ദേശീയരായ വ്യക്തിത്വങ്ങളും പങ്കെടുക്കും. ആരോഗ്യമേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആദ്യകോൺക്ലേവ് ഇന്ന് ഉച്ചയ്ക്ക് 2.30ന് ഗവൺമെന്റ് നഴ്സിങ്ങ് കോളജ് ഓഡിറ്റോറിയത്തിൽ ആരോഗ്യ വിദ്യാഭ്യാസ മുൻ ഡയറക്ടർ ഡോ: റംല ബീവി ഉദ്ഘാടനം ചെയ്യും.
 വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച രണ്ടാം കോൺക്ലേവ് നവംബർ 28ന് രാവിലെ 10.00 മണിക്ക് മാന്നാനം കെ.ഇ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. എം.ജി. സർവകലാശാല വൈസ്ചാൻസലർ പ്രൊഫ: സി. ടി അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്യും. ത്രെസ്റ്റ് റിസർച്ച് പാർക്ക് ചെയർമാൻ പ്രൊഫ: സാബു
തോമസ് മുഖ്യപ്രഭാഷകനാകും. എം.ജി സർവകലാശാല രജിസ്ട്രാർ ബി. പ്രകാശ് കുമാർ മോഡറേറ്ററായിരിക്കും. ഉന്നത വിദ്യാഭ്യാസമേഖലയിലെ കാലോചിതമായ പരിഷ്‌കരണം സംബന്ധിച്ച് സ്‌കൂൾ ഓഫ് ബയോ സയൻസസ് പ്രൊഫസർ കെ. ജയചന്ദ്രൻ, പൊതുവിദ്യാഭ്യാസ മേഖലയിലെ ഘടനാപരമായ മാറ്റം സംബന്ധിച്ച് സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട്് ആൻഡ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഡോ: പി.പി. നൗഷാദ്  , പഠനത്തോടൊപ്പം തൊഴിൽ എന്ന മേഖലയിൽ ബി.കെ കോളജ് പ്രിൻസിപ്പിൽ മിനി തോമസ്, വിദേശവിദ്യാഭ്യാസ ആകർഷണീയതയും ഭാവി പ്രതിസന്ധികളും എന്ന വിഷയത്തിൽ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട്് ആൻഡ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസർ എം.എച്ച്. ഏലിയാസ് എന്നിവർ വിഷയാവതരണം നടത്തും.
 നവംബർ 29ന് ഉച്ചയ്ക്ക് രണ്ടിന് ടൂറിസം 'പ്രകൃതിയുടെ നല്ലനാളേയ്ക്ക് വേണ്ടി' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ടൂറിസം മേഖലയിലെ സംരംഭക സാധ്യതകളും, തൊഴിൽ സാധ്യതകളും വിശദമായി ചർച്ച ചെയ്യുന്ന കോൺക്ലേവ് കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എം.ഡി ഡോ: കെ.മനോജ് കുമാർ ഉദ്ഘാടനം ചെയ്യും.
സർവീസ് ക്വാളിറ്റി ഇൻ ടൂറിസം എന്ന വിഷയത്തിൽ കോൺകോഡ് ടൂർ ആൻഡ് ട്രാവൽസ് മാനേജർ വിനോദ് തോമസ്, ടൂറിസം മേഖലയിലെ തൊഴിൽ സാധ്യത സംബന്ധിച്ച് കളമശേരി ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എസ്. ഗിരീഷ്, ഉത്തരവാദിത്വ ടൂറിസത്തിന്റെ സ്വാധീനവും സാധ്യതയും എന്ന വിഷയത്തിൽ കുമരകം എസ്.എൻ കോളജ് അസി. പ്രഫ: ഡോ ആർ. അനിത എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.

നവംബർ 30ന് രാവിലെ 10.00 മണിക്ക് വനിതാ-ശിശു സാമൂഹിക സുരക്ഷിതത്വ മേഖലയിൽ 'വിഹലതകളിൽ നിന്ന് വിഹായസിലേക്ക്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന കോൺക്ലേവ് ജില്ലാകളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്യും.
 ഡിസംബർ നാലിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് 'സാംസ്‌കാരികം കേരളം കടന്ന വഴികൾ' എന്ന വിഷയത്തിൽ നീണ്ടൂരിൽ നടക്കുന്ന സെമിനാറിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്സ് അസി. പ്രൊഫ: അജു പി. നാരായൺ വിഷയാവതരണം നടത്തും.
 ഡിസംബർ അഞ്ചിന് രാവിലെ 10.00 മണിക്ക് നവകേരളം കർഷകനിലൂടെ എന്ന വിഷയത്തിൽ തിരുവാർപ്പിൽ നടക്കുന്ന കോൺക്‌ളേവ് ആസൂത്രണബോർഡ് അംഗം ജിജു പി. അലക്സ് ഉദ്ഘാടനം ചെയ്യും.
ഡിസംബർ ആറിന് ഉച്ചയ്ക്ക് രണ്ടിന് ഏറ്റുമാനൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ സംരഭകത്വം നവകേരളസൃഷ്ടിക്ക് എന്ന വിഷയത്തിൽ നടക്കുന്ന കോൺക്ലേവ്  മുൻധനകാര്യവകുപ്പ് മന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി രാജീവ് ഗോപി മുഖ്യപ്രഭാഷണം നടത്തും.

 
 

 

date