Skip to main content

സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്  സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 

സമാനതകളില്ലാത്ത വികസന വിപ്ലവവുമായാണ് സംസ്ഥാനത്ത് സർക്കാർ മുന്നോട്ട് പോവുന്നതെന്ന് തുറമുഖ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. നാദാപുരം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  സര്‍ക്കാര്‍ സര്‍വ്വ മേഖലയിലും മുന്നേറ്റം സൃഷ്ടിക്കാനുള്ള നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. സര്‍ക്കാരില്‍ ജനങ്ങള്‍ എത്രമാത്രം പ്രതീക്ഷയര്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണ് പല മണ്ഡലങ്ങളിലും തടിച്ചു കൂടിയ ജനാവലിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

അസാധ്യമെന്ന് മുദ്ര കുത്തി മാറ്റിവെച്ചതെല്ലാം സാധിച്ചെടുത്ത വികസന ചരിത്രമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കേരള സമൂഹത്തോട് പറയാനുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നികുതി വരുമാനത്തിൽ 23000 കോടി രൂപയുടെ വർദ്ധനവ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചത് നമ്മുടെ സംസ്ഥാനത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആകെ റവന്യൂ വരുമാനത്തിലെ 67 ശതമാനവും സംസ്ഥാനത്തിന്റെ തനതു വരുമാനമായിരുന്നുവെന്നതും കേരളത്തിന്റെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് 2016 ൽ 9.6 ശതമാനമായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 17.6 ശതമാനമായി ഉയർത്തിക്കൊണ്ടുവരാൻ നമുക്ക് സാധിച്ചു. 2016 ൽ കേരളത്തിന്റെ തനതു വരുമാനം 26% ആയിരുന്നത് 67% ആയി മാറിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെയും കേരളത്തിന്റെയും പ്രതീക്ഷയായി മാറിയ വിഴിഞ്ഞം തുറമുഖം പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലാണ്. വിഴിഞ്ഞത്തിന് ഓണസമ്മാനമായി ആദ്യ കപ്പൽ എത്തിക്കാൻ മാത്രമല്ല രണ്ടാമത്തെ കപ്പലും എത്തിച്ചേർന്നുവെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ലിംഗ സമത്വം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും കേരളം നമ്പർ വൺ ആണെന്ന് മന്ത്രി പറഞ്ഞു.

date