Skip to main content

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്- മന്ത്രി വി ശിവൻകുട്ടി

 

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ നടന്ന നാദാപുരം മണ്ഡല തല നവകേരള സൗസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സർക്കാർ തുടക്കമിട്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചും കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകരമായ പദ്ധതികൾ ആവിഷ്ക്കരിച്ചും സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. സമ്പൂർണ്ണ ഇ ഗവേണിംഗ്സ് സംസ്ഥാനമായി കേരളം മാറി. സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഇ ഗവേണൻസ്‍ പോർട്ടൽ നിലവിൽ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിജ്ഞാന നൂതന സമൂഹമായി കേരളത്തെ മാറ്റി തീർക്കുകയെന്ന വലിയ ഉത്തരവാദിത്വത്തിലൂടെയാണ് സർക്കാർ കടന്നുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. മികച്ച തൊഴിൽ അന്തരീക്ഷമുള്ള വ്യവസായ സംസ്ഥാനമായി കേരളം മാറി. കൂടാതെ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ രണ്ട് കർമ്മ പദ്ധതികൾ നടപ്പാക്കി. ഈ പദ്ധതികളിലൂടെയായി 26000ൽ പരം കോടി രൂപയുടെ വികസന പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കിയതെന്നും 2330606 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. 

പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മുന്നേറ്റമാണ് സർക്കാർ കാഴ്ചവെക്കുന്നത്. 2021 മുതൽ 2023 വരെ ആകെ 260 കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. 450 കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അയ്യായിരം കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് പൊതുവിദ്യാലയങ്ങളിൽ മാത്രം നടപ്പിലാക്കുന്നത്. പി.എസ്.സി മുഖേന 11,171 നിയമനങ്ങളാണ് രണ്ടര വർഷത്തിനിടെ പൊതുവിദ്യാഭ്യാസ വകുപ്പിൽ മാത്രം നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. മികവിന്റെയും മനുഷത്വത്തിന്റെയും പുതിയ സംസ്ക്കാരം തീർക്കുകയാണ് കേരളം. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലും പദ്ധതികൾ പൂർത്തീകരിക്കുന്നതിലും സംസ്ഥാനം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു.  

ഓരോ മണ്ഡലത്തിലെയും നവകേരള സദസ് കഴിയുമ്പോഴും ജനപങ്കാളിത്തം വർദ്ധിക്കുകയാണ്. നാടിന്റെ വികസനത്തിന് താത്പര്യമുള്ളവർ കക്ഷി രാഷ്ട്രീയത്തിന് അധീതമായി പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

date