Skip to main content

നവകേരള സദസ്സിന് ജില്ലയിൽ പ്രൗഢോജ്ജ്വല തുടക്കം;  ഒഴുകിയെത്തിയത് പതിനായിരങ്ങൾ 

 

നവകേരള സദസ്സിന് ജില്ലയിൽ പ്രൗഢോജ്ജ്വല തുടക്കം. ജില്ലയിലെ ആദ്യ വേദിയായ നാദാപുരത്ത് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. നിറഞ്ഞ കരഘോഷത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഓരോ മന്ത്രിമാരെയും സദസ്സ് വേദിയിലേക്ക് വരവേറ്റത്. പൂച്ചെണ്ടുകൾക്കൊപ്പം കടത്തനാടൻ ശൈലി വിളിച്ചോതുന്ന കളരിയുൾപ്പെടുത്തിയ മൊമെന്റോയും നൽകിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്.  

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും നിവേദനം നൽകാനുമായി കല്ലാച്ചി മാരാം വീട്ടിൽ ഗ്രൗണ്ടിൽ രാവിലെ ഏഴ് മണി മുതൽ തന്നെ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടം എത്തിയിരുന്നു. ഒൻപത് മണിയോടെ ജനങ്ങളെ ഉൾക്കൊളളാനാകാതെ ഗ്രൗണ്ട് നിറഞ്ഞ് കവിഞ്ഞു. കല്ലാച്ചിയുടെ സമീപ പ്രദേശമായ ചേലക്കാട് മുതൽ ആളുകൾ നടന്നായിരുന്നു വേദിയിലേക്ക് എത്തിയത്. കല്ലാച്ചി ടൗൺ മുതൽ നാദാപുരം ടൗൺ വരെ റോഡിനിരുവശത്തും കെട്ടിടങ്ങൾക്ക് മുകളിലും പരിപാടി വീക്ഷിക്കാനായി ആളുകൾ ഇടം പിടിച്ചിരുന്നു.

ഉദ്ഘാടന ചടങ്ങിന് മുമ്പായി രാവിലെ 8.30 ന് കലാപരിപാടികൾ ആരംഭിച്ചു. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം കൗശിക്കിന്റെ നേതൃത്വത്തിലുള്ള ഗാന സദസ്സാണ് വേദിയിൽ അരങ്ങേറിയത്. ഗാനങ്ങൾ നവകേരള സദസ്സ് വീക്ഷിക്കാനെത്തിയവർക്ക് ഹൃദ്യാനുഭവമായി.

ചടങ്ങിൽ ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനറും നോഡൽ ഓഫീസറുമായ ഡോ. ജോസഫ് കുര്യാക്കോസ്  സ്വാഗതവും ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ്‌ അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

date