Skip to main content

ദീപ്തി ബ്രെയിൽ സാക്ഷരതാ പദ്ധതി; സർവേ ഉദ്ഘാടനം ഡിസംബർ ഒന്നിന്

കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന ദീപ്തി ബ്രെയിൽ സാക്ഷരതാ പദ്ധതിയുമായി ബന്ധപ്പെട്ട  സർവേ ഡിസംബർ ഒന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്യും.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാതല സംഘാടക സമിതി  യോഗത്തിലാണ് തീരുമാനം.

ജില്ലയിലെ കാഴ്ച വെല്ലുവിളി നേരിടുന്ന എല്ലാവിഭാഗം നിരക്ഷരർക്കും ബ്രെയിൽ സാക്ഷരത ലഭ്യമാക്കുന്നതാണ് പദ്ധതി. പഠിതാക്കളെ കണ്ടെത്താൻ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ കുടുംബശ്രീ, ആശാ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സർവേ നടത്തും. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംഘടനയിൽനിന്ന് വിവരശേഖരണം നടത്തും. ഡിസംബർ 10നു സർവേ നടപടികൾ പൂർത്തീകരിക്കും.
ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഒരു പഠനകേന്ദ്രം  സ്ഥാപിക്കും. ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ള ഇൻസ്ട്രക്ടർമാരെ അഭിമുഖം വഴി തിരഞ്ഞെടുക്കാനും യോഗത്തിൽ തീരുമാനിച്ചു. ക്ലാസുകൾക്ക് ശേഷം മികവുത്സവം ബ്രെയിൽ സാക്ഷരതാ പരീക്ഷ നടത്തപ്പെടും. വിദ്യാഭ്യാസ വകുപ്പ്,  സാമൂഹിക നീതി വകുപ്പ് തുടങ്ങിയവകുപ്പുകളുടെ സഹകരണം പദ്ധതി നടത്തിപ്പിന് ഉറപ്പിക്കും. ജില്ലാ പഞ്ചായത്ത് ചേമ്പറിൽ നടന്ന യോഗത്തിൽ സാക്ഷരതാ മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, ഒളശ ബ്ലൈൻഡ് സ്‌കൂൾ  പ്രധാനാധ്യാപകൻ ഇ. ജെ. കുര്യൻ, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സെക്രട്ടറി ഇ. എ. യൂസഫ്, വൈസ് പ്രസിഡന്റ് കെ. എസ്. ബിജുമോൻ ജില്ലാ സാക്ഷരത മിഷൻ  അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ ജസ്റ്റിൻ ജോസഫ്, കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ കെ. കെ. കവിത, ഡയറ്റ് സീനിയർ ലക്ചറർ ആർ. പ്രസാദ് എന്നിവർ പങ്കെടുത്തു.

 

date