Skip to main content

ജനങ്ങൾ വികസനത്തിന്റെ സ്വാദറിയുന്നു  -മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ സ്വാദ് അറിയുന്നുണ്ടെന്നും വികസനം എല്ലാവർക്കും തുല്യമായി വീതിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് വിവിധ വികസന പ്രവർത്തനങ്ങൾ നാടാകെ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുന്ദമംഗലം നിയോജകമണ്ഡലം നവകേരള സദസ്സ് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൂടുതൽ വികസനം ആവശ്യമാണ്. അത് സർവതല സ്പർശിയായിരിക്കുകയും വേണം. ഭൂപരിഷ്കരണം, വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തുമുണ്ടായ ഇടപെടലുകൾ തുടങ്ങി വിവിധ തലങ്ങളിൽ ഉള്ള മുന്നേറ്റങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയത്.   
അതാണ് കേരള മോഡൽ വികസനം.
ഇതിലൂടെ നാം നേടിയ നേട്ടങ്ങൾ വലിയതോതിൽ എടുത്തു  കാണപ്പെട്ടു. എന്നാൽ തുടർന്ന് കാലാനുസൃതമായ പുരോഗതി നേടാനായില്ല. 2016 ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേരളത്തെ എങ്ങനെ മാറ്റാം എന്നു ചിന്തിക്കുകയും വിശാലമായ പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങൾ നിറവേറ്റാൻ ശ്രമിച്ചു.  അതുകൊണ്ടാണ് തുടർഭരണം ലഭിച്ചതെന്നും ഓഖി, കോവിഡ്, നിപ പോലുള്ള  പ്രതിസന്ധികളിൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് തുരങ്കപാത എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്.  നല്ലൊരു മഴ വന്നാൽ വയനാട് ഒറ്റപ്പെട്ടുപോകും. ജനങ്ങൾ ആകെ അംഗീകരിച്ച ഈ പാതയെ അംഗീകരിക്കാത്ത സമീപനം ചിലരിൽ നിന്നുണ്ടായി. അതേ നിലപാട് ഇന്നും തുടരുകയാണ്. അതുകൊണ്ടാണ്  ലോക കേരള സഭയെയും കേരളീയത്തെയും നവ കേരള സദസ്സിനെയും അവർ ബഹിഷ്കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ നോക്കുകയാണ് . 57,000 കോടിയോളം രൂപയുടെ കേന്ദ്ര വിഹിതം കുറഞ്ഞാണ് നാം നിൽക്കുന്നത്. ഇത്തരം കാര്യങ്ങൾ തുറന്ന് പ്രകടിപ്പിക്കാനുള്ള ഒരു വേദിയായാണ് നവ കേരള സദസ്സിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേശ്വരം മുതൽ ഒന്നിനൊന്നു മെച്ചപ്പെട്ട ജനപങ്കാളിത്തമാണ് നവ കേരളസദസ്സിന് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ 2020 ൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി നിർവഹിച്ചു. മണ്ഡലത്തിൽ വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിച്ചവരെ ആദരിച്ചു. പി ടി എ റഹിം എം എൽ എ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ പി പ്രസാദ്, എ കെ ശശീന്ദ്രൻ, വീണാ ജോർജ് തുടങ്ങിയവർ സംസാരിച്ചു. കുന്ദമംഗലം  നവ കേരള സദസ്സ്  നോഡൽ ഓഫീസർ എഡിഎം സി മുഹമ്മദ്‌ റഫീഖ് സ്വാഗതവും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ. പി പ്രിയ
 നന്ദിയും പറഞ്ഞു.

date