Skip to main content

നവകേരള സദസ്സിന്റെ കൊടുവള്ളി മണ്ഡലംതല ഉദ്ഘാടനം

 

തുരങ്കപാത വേഗം പൂർത്തിയാക്കണമെന്നാണ് വയനാട്ടുകാരുടെ ആഗ്രഹം: മുഖ്യമന്ത്രി

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാത എത്രയും വേഗം പൂർത്തിയാക്കണം എന്നതാണ് വയനാട്ടുകാരുടെ ആഗ്രഹം എന്നാണ് നവകേരള സദസ്സിന്റെ ഭാഗമായി ആ ജില്ലയിൽ പര്യടനം നടത്തിയപ്പോൾ മനസ്സിലായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നവകേരള സദസ്സിന്റെ കൊടുവള്ളി മണ്ഡലംതല ഉദ്ഘാടനം കൊടുവള്ളി കെ.എം.ഒ എച്.എസ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള സദസ്സുമായി കോഴിക്കോട്ടെ തിരുവമ്പാടി മണ്ഡലത്തിൽ പോയപ്പോൾ അവിടെ തുരങ്കപാതയുടെ മോഡൽ തന്നെ ഉണ്ടാക്കിവെച്ചിരിക്കുന്നു. അത്ര ഹരത്തിലാണ് ജനങ്ങൾ -മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. വിദേശത്ത് നിന്നും സാംസ്ഥാനത്തിന് പുറത്തുനിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കാനായി കേരളത്തിലേക്ക് വരണം. ഇതിന്റെ ഭാഗമായാണ് നമ്മുടെ യൂണിവേഴ്സിറ്റികളിൽ അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. ഒപ്പം സാധാരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്ന നടപടികളും സ്വീകരിച്ചു. ലൈബ്രറി, ലാബ്, മറ്റ് അക്കാദമിക കാര്യങ്ങൾ എന്നിവയൊക്കെ മെച്ചപ്പെടുത്തി. ഇതിന്റെ ഭാഗമായി മാറ്റങ്ങൾ പ്രകടമാണ്. നമ്മുടെ പല യൂണിവേഴ്സിറ്റികളും നല്ല റാങ്കിങ്ങ് നില കൈവരിച്ചു.

എല്ലാ മേഖലകളും നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. വരില്ല എന്ന് കരുതിയ പല പദ്ധതികളും വന്നു. കേരളത്തിൽ ദേശീയപാത വികസനം ഉണ്ടാവില്ല എന്ന് ഇന്നാരും ചിന്തിക്കുന്നില്ല. ഒരിക്കൽ ഉപേക്ഷിച്ചു പോയ ഗെയിൽ പൈപ്പ്‌ലൈൻ വഴി ഇന്ന് വാതകം ലഭിക്കുന്നു. ചില അടുക്കളകളിൽ ഇപ്പോൾ തന്നെ പൈപ്പ്ലൈൻ വഴി പാചകവാതകം ലഭിക്കുന്നു. ഭാവിയിൽ സംസ്ഥാനത്തെ ഒട്ടേറെ വീടുകളിൽ പാചകവാതകം ലഭ്യമാകുന്നതിന് പുറമെ വ്യവസായങ്ങൾക്കും ഈ വാതകം ഉപയോഗിക്കാൻ സാധിക്കും.

ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയാക്കാനാവില്ല എന്ന് കരുതിയതാണ്; ഇപ്പോൾ അതുവഴി ഊർജ്ജം പ്രവഹിക്കുന്നു. മലയോര പാത, തീരദേശ പാത എന്നിവയുടെ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 10,000 കോടി രൂപയാണ് റോഡ് വികസനത്തിനായി ആകെ ചിലവഴിച്ചത്, മുഖ്യമന്ത്രി വിശദമാക്കി.

കേരളം 64 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നതിൽ 6.86 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്രത്തിന്റെ വിഹിതം. ബാക്കി സംസ്ഥാനം വഹിക്കുന്നതാണ്.

കേരളീയം, ലോകകേരള സഭ, നവകേരള സദസ്സ് എന്നിവ ബഹിഷ്കരിച്ചവർ ഈ വേദികളൊന്നും ഉപയോഗിച്ചില്ല. ഇതൊക്കെ നാടിന്റെ പരിപാടിയാണ്. നാടിന്റെ വികസനത്തിനോട് ചേർന്നുനിൽക്കുകയാണ് വേണ്ടത്. എന്നാൽ ബഹിഷ്കരണം വകവെക്കാതെ ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. കൊടുവള്ളിയിലും നവകേരള സദസ്സ് നല്ല വിജയമായി മാറി.

സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം നൽകുന്നില്ലെന്നും സാമ്പത്തികമായി ശ്വാസംമുട്ടിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

date