Skip to main content

നവകേരള സദസ്സ് നഗരി നിമിഷ നേരത്തിൽ  വൃത്തിയാക്കി ഹരിതകർമ്മ സേന

 

ഹരിത കർമ്മസേന ചടുലമായതോടെ നവകേരള സദസ്സ് വേദി നിമിഷ നേരം കൊണ്ട് വൃത്തിയായി. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച നവകേരള സദസ്സ് വേദിയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോയതോടെ ത്വരിത ഗതിയിൽ  ശുചീകരിച്ചത്.  കൃത്യമായ മാനദണ്ഡനങ്ങൾക്കനുസരിച്ച് മാലിന്യങ്ങൾ വേർതിരിച്ചാണ് ശേഖരണവും ശുചീകരണവും നടത്തിയത്.
രാവിലെ ഏഴു മണി മുതൽ വേദിയിലെത്തിയ ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യ ശേഖരണത്തിനായി മുൻ കരുതൽ പ്രവർത്തനം നടത്തിയിരുന്നു. ഹരിത ചട്ടം പാലിച്ചു നടത്തിയ പരിപാടിയിൽ ജൈവ അജൈവ മാലിന്യ ശേഖരണത്തിനായി വേദിയുടെ പല ഭാഗങ്ങളിൽ വല്ലക്കൊട്ടയും ഒരുക്കിയിരുന്നു. സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ മുക്തം നവകേരളം പദ്ധതിക്ക് ഊർജ്ജം പകരുന്ന മാതൃക പ്രവർത്തനമാണ് കൊയിലാണ്ടി നഗരസഭയ്ക്ക് കീഴിലെ 71 അംഗ ഹരിത കർമ്മ സേനാംഗങ്ങൾ നടത്തിയത്. ശുചീകരണത്തിനു ശേഷം എംഎൽഎ യോടൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് സംഘം മടങ്ങിയത്.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാൻ നേരത്തേ തന്നെ കൊയിലാണ്ടി സ്റ്റേഡിയത്തിലെത്തിയവർക്ക് ഊർജ്ജം പകരുവാൻ നാരങ്ങയും വെള്ളവും ഒരുക്കി കൊയിലാണ്ടി നഗരസഭയും സി ഡി എസ് അംഗങ്ങളും നവകേരള സദസ്സിൽ സജീവമായിരുന്നു. പതിനായിരത്തോളം നാരങ്ങയും കുപ്പി വെള്ളവുമാണ് പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്.

date