Skip to main content

രണ്ടര വർഷത്തിനിടെ വിതരണം ചെയ്തത് ഒന്നേകാൽ ലക്ഷം പട്ടയങ്ങൾ - മന്ത്രി ആർ ബിന്ദു

 

രണ്ടര വർഷത്തിനിടെ സംസ്ഥാനത്ത് ഒന്നേകാൽ ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്ത് ഈ കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്ന് ഉന്നതവിദ്യാഭ്യാസ  സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന കൊയിലാണ്ടി മണ്ഡലം നവ കേരള സദസ്സിൽ  സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള മോഡൽ വികസനത്തിന്റെ രണ്ടാം അധ്യായമാണ് ജനങ്ങൾക്കൊപ്പം ചേർന്ന് സർക്കാർ രചിച്ചു കൊണ്ടിരിക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വിപുലീകരണം സാധ്യമാക്കി. അതോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും പ്രാധാന്യം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഇതുവഴി വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസവും തൊഴിലും തമ്മിൽ നില നിൽക്കുന്ന സ്കിൽ ഗ്യാപ്പ് നികത്തുന്നതിനും വൈദഗ്ധ്യ പോഷണത്തിനുമായി നിരവധി പദ്ധതികൾക്കാണ് സർക്കാർ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി 16 സ്ഥലങ്ങളിൽ സ്കിൽ പാർക്കുകൾ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ക്ലൗഡ് കമ്പ്യൂട്ടിങ് ഉൾപ്പെടെ 140 ഓളം സ്കിൽ കോഴ്സുകളാണ് അസാപ് കേരളയിലൂടെ നൽകുന്നത്. പുതിയ വൈജ്ഞാനിക മേഖലകളിൽ സ്ക്കിൽ നൽകാൻ പര്യാപ്തമായ വിധത്തിലാണ് സർക്കാർ പ്രവർത്തിച്ചു കൊണ്ടിരികുന്നതെന്നും മന്ത്രി പറഞ്ഞു. 

ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. സർവേ റിപ്പോർട്ട് പ്രകാരം 0.71 ശതമാനമാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം. അതി ദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിലുടെ ഈ വിഭാഗത്തിൽ പെട്ട കുടുംബങ്ങൾക്ക് എല്ലാവിധത്തിലുള്ള പിന്തുണയും നൽകി അവരെ പൂർണ്ണമായും പുനരധിവസിപ്പിക്കുന്നതിനുളള നടപടികളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.  
സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാരിനുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും തൊഴിൽ ക്ഷമതയുള്ള സംസ്ഥാമായി കേരളം മാറി. ഒരു വർഷം ഒരു ലക്ഷം പദ്ധതിയുടെ ഭാഗമായി 1,40,000 സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.

date