Skip to main content

നവകേരള സദസ്സ് രണ്ടാം ദിനത്തിലെ പ്രഭാതയോഗത്തിൽ നിന്ന്

 

നേതൃഗുണത്തിന്റെ മികച്ച പാഠമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോഴിക്കോട് ബിഷപ്പ്

ജനാഭിപ്രായം അറിയാൻ നവകേരള സദസ്സുമായി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നേതൃഗുണത്തിന്റെ മികച്ച പാഠമെന്ന് കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കൽ.

നവകേരള സദസ്സിന്റെ ഭാഗമായി ശനിയാഴ്ച കോഴിക്കോട് മുഖ്യമന്ത്രിയുമൊത്തുള്ള പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്.

"നവകേരള സദസ്സ് യാത്രയ്ക്ക് ഞാൻ മംഗളം നേരുന്നു. ഇതൊരു ചരിത്ര മുഹൂർത്തവും ചരിത്ര സംഭവവുമാണ്. ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ശ്രമം വളരെ പ്രത്യേകതയുള്ളതാണ്. അതിന് കേരള മുഖ്യമന്ത്രിയെ ഞാൻ പ്രത്യേകം അനുമോദിക്കുന്നു. നേതൃഗുണത്തിന്റെ മികച്ച പാഠമാണ് അദ്ദേഹം," ബിഷപ്പ് പറഞ്ഞു.

ജനങ്ങളുടെ ഗന്ധമുള്ള നേതാക്കളെയാണ് നമുക്ക് വേണ്ടതെന്നും അങ്ങിനെ നോക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ആ ഗണത്തിൽ വരുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. ഭാവിയിലെ മുഖ്യമന്ത്രിമാരും ഇതുപോലെ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രഭാതയോഗത്തിൽ സംസ്ഥാനത്തിന്റെ ഡിസൈൻ നയം മുതൽ കോഴിക്കോട് വിശാലമായ നാടകത്തട്ട് നിർമിക്കണം എന്നതുവരെയുള്ള വിഷയങ്ങളിൽ അഭിപ്രായം വന്നു. സംസാരിച്ച ഭൂരിഭാഗം പേരും നവകേരള സദസ്സുമായി ജനമനസ്സ് കേൾക്കാനിറങ്ങിയ തീരുമാനത്തെ ഹാർദമായി അഭിനന്ദിച്ചു.

നടൻ വിനോദ് കോവൂർ, ആർക്കിടെക്റ്റ് വിനോദ് സിറിയക്, എൻ.കെ മുഹമ്മദലി, സയ്യിദ് മുഹമ്മദ്‌ തുറാബ്, ഡോ. വി.ജി പ്രദീപ്‌ കുമാർ, സിയ മെഹ്റിൻ, അനീസ് ബഷീർ, വ്യവസായികളായ എം.പി അഹമ്മദ്, പി. കെ അഹമ്മദ്‌, ജയപ്രകാശ് കൊയിലാണ്ടി, ട്രാൻസ്‌ജെൻഡർ നഗ്മ സുസ്മി, സ്വാമി വന്ദന രൂപൻ എന്നിവർ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചു.

ജില്ലയിലെ കലാ-സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രഗത്ഭർ പരിപാടിയിൽ പങ്കെടുത്തു.

date