Skip to main content

തിരൂര്‍ ബിയാന്‍ കാസില്‍- പ്രഭാത സദസ്സ് നവകേരള സദസ്സ് രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

നവകേരള സദസ്സ് രാജ്യത്തിനാകെ മാതൃകയാണെന്നും ജനാധിപത്യ സംവിധാനത്തില്‍ പുതുമയുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നവകേരള സദസ്സിന്റെ ആദ്യ ദിനത്തില്‍ തിരൂര്‍ ബിയാന്‍ കാസിലില്‍  നടന്ന പ്രഭാതയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് പരമാധികാരി. തെരഞ്ഞെടുപ്പിന് ശേഷം നമ്മള്‍ അധികാരത്തിലേറ്റിയ സര്‍ക്കാര്‍ നമുക്ക് വേണ്ടി എന്തു ചെയ്തു എന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇതിനു വേണ്ടിയാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് എന്നത് ആവിഷ്കരിച്ചത്. പ്രകടന പത്രികയില്‍ പറഞ്ഞതില്‍ വിരലിലെണ്ണാവുന്ന ഒഴിച്ച് നടപ്പാക്കി പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ കഴിഞ്ഞ സര്‍ക്കാര്‍ ജനങ്ങളെ അറിയിച്ചു. ജനം അത് അംഗീകരിച്ചു. അതിന്റെ ഫലമായാണ് ഭരണതുടര്‍ച്ച ലഭിച്ചത്. 2021 സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍   കൂടുതല്‍ വേഗതയില്‍ കാര്യ നിര്‍വ്വഹണം സാധ്യമാക്കി.

ഫയല്‍ അദാലത്തുകള്‍ നടപ്പാക്കി. ഓരോ താലൂക്കിലൂടെയും  ഫയല്‍ നീക്കങ്ങള്‍ വേഗത്തിലാക്കി. വിവിധ വകുപ്പുകളില്‍ മന്ത്രിതല സംഘങ്ങള്‍ നേരിട്ട് വിലയിരുത്തിയാണ് ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്.  ഫയലുകളുടെ നീക്കങ്ങള്‍ വേഗത്തിലാക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു.  ഓരോതാലൂക്കുകളിലും മന്ത്രിതല സംഘങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ എന്നിവരെല്ലാം ഇടപെട്ട് ഇതെല്ലാം  കാര്യക്ഷമമാക്കുന്നു.  ഇതൊക്കെ ഭരണനിര്‍വ്വഹണം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന്  സഹായകരമാകുന്നു.  മേഖല തലത്തിലും സംസ്ഥാന തലത്തിലും ഭരണനിര്‍വ്വഹണം സുതാര്യമായ രീതിയിലാണ് മുന്നേറുന്നത്. ഇതിന്റെയെല്ലാം ലക്ഷ്യം ജനങ്ങള്‍ക്ക് നല്ലരീതിയില്‍ നീതി ലഭ്യമാക്കുകയെന്നതാണ്. സംസ്ഥാനം ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതെല്ലാം പരിഹരിക്കുകയാണ് ലക്ഷ്യം. വികസന പൂര്‍ത്തീകരണത്തിന് സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തവും സഹായവും സഹകരണവും പിന്തുണയുമെല്ലാം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നമ്മുടെ നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണ്. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ്സ് മാറുകയാണ്.

ഭരണനിര്‍വ്വഹണത്തിന്റെ സ്വാദ് കേരളത്തിലെ ഓരോ മനുഷ്യനും അനുഭവിക്കാന്‍ കഴിയണം എന്നതാണ്  എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. വികസനം കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തണം. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം എന്നതാണ് കാഴ്ചപ്പാട്. ഇതിനു വേണ്ടിയാണ് ഫയല്‍ അദാലത്തുകളും താലൂക്ക് തല പരാതി പരിഹാര അദാലത്തുകളും തുടര്‍ന്ന് ജില്ലാ, മേഖലാതല പരാതി പരിഹാര അദാലത്തുകളും സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

പല സര്‍ക്കാറുകളും മീഡിയകളെയും ജനങ്ങളെയും ഭയപ്പെടുന്ന ഈ കാലത്ത് മന്ത്രിസഭ ഒന്നടങ്കം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വന്നത് മാതൃകാപരമാണെന്ന് പ്രഭാത യോഗത്തില്‍ ക്ഷണിതാവായി പങ്കെടുത്ത ജലാല്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ശുഭ പ്രതീക്ഷയാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. 42 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ജില്ലയെ വിഭജിക്കണം. കൂടുതല്‍ വികസനം കൊണ്ടു വരാന്‍ ഇതു മൂലം കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് പരിശോധിക്കേണ്ട കാര്യമാന്നും ജില്ല, താലൂക്കുകള്‍ എന്നിവ വിഭജിക്കുക എന്നത് പെട്ടെന്ന് നടത്താന്‍ സാധിക്കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെറ്റിലയെയും കൃഷിയില്‍ ഉള്‍പ്പെടുത്തണമെന്ന് വെറ്റില കര്‍ഷകനായ അബ്ദുല്‍ ഹമീദ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. വെറ്റില കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്നും തിരൂര്‍ വെറ്റിലയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചത് സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും വിള ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ വെറ്റിലയെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ക്ഷോഭ സമയത്ത് വെറ്റിലയ്ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ഇന്‍ഷൂറന്‍സ് തുക ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

തിരൂര്‍, തിരൂരങ്ങാടി താലൂക്ക് വിഭജിച്ച് താനൂര്‍ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് റിട്ട. പ്രൊഫസറായ ബാബു അഭ്യഥിച്ചു. കായിക മേഖലയ്ക്ക് ജില്ലയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കണം. താനൂരില്‍ സ്പോര്‍ട്സ് അക്കാദമി, ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങളഥ്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

താനൂര്‍ മോര്യകാപ്പില്‍ ഉപ്പു വെള്ളം കയറി കൃഷി നശിക്കുകയാണെന്നും ഇത് തടയാന്‍ പൂരപ്പുഴയില്‍ റഗുലേറ്റര്‍ സ്ഥാപിക്കണമെന്നും താനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചര്‍ അഭിപ്രായപ്പെട്ടു. കനോലികനാല്‍ മലിനമാണ്. അത് ശുചീകരിച്ച് ടൂറിസത്തിന് ഉപയോഗിക്കണം. താനൂര്‍ അംബേദ്കര്‍ എസ്.സി കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം നല്‍കണം. ഇക്കാര്യമെല്ലാം പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

കൊറോണ കാലത്ത് താന്‍ ബുദ്ധിമുട്ടിയപ്പോള്‍ തനിക്ക് താമസമടക്കം എല്ലാ സഹായവും നല്‍കിയത് ഈ സര്‍ക്കാറെന്ന് ഭിന്നശേഷിക്കാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വിദ്യാര്‍ഥിയായ അബൂബക്കര്‍ സിദ്ധീഖ് അക്ബര്‍ പറഞ്ഞു.

പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും വിമാനകമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും പ്രവാസിയായ മടപ്പാട് അബൂബക്കര്‍ മുഖ്യമന്ത്രിയോടഭ്യര്‍ഥിച്ചു. കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍  നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രസര്‍ക്കാറിന്റെ ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണെന്നും നിര്‍ഭാഗ്യവശാല്‍ അത് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി..

അശരണര്‍ക്കും രോഗികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്ന് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ രമേശ് മേനോന്‍ പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച തന്നെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത് സര്‍ക്കാര്‍ നല്‍കിയ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.

ഗവേഷണ ത്വരയുള്ള വിദ്യാര്‍ഥികളെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ഓരോ ജില്ലയിലും നവപ്രതിഭാ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സലീം പറഞ്ഞു. പൊതുവിഭ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മേഖലകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൊബൈല്‍ നെറ്റ് വര്‍ക്ക് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതിനെതിരെ അനാവശ്യമായി സ്റ്റോപ്പ് മെമ്മോ നല്‍കുകയാണെന്ന് എനര്‍ജി കണ്‍സള്‍ട്ടന്റ് കെ. നാരായണന്‍ പറഞ്ഞു. സംസ്ഥാനത്തു നിന്നും പട്ടാളം, അഗ്നിവീര്‍ തുടങ്ങിയവയിലേക്ക് കൂടുതല്‍ പേര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് പരിശീലന സംവിധാനമടക്കം കൂടുതല്‍ കാര്യങ്ങള്‍ ആരംഭിക്കണം. ദുര്‍മന്ത്രവാദത്തിനെതിരെ ഫലപ്രദമായ നിയമം നാടിന്റെ ആവശ്യമാണ്. ഹോമിയോ പോലുള്ള ചികിത്സാ വിഭാഗങ്ങള്‍ അശാസ്ത്രീയമാണ്. അതിനെതിരെ വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുള്ള പരിപാടികള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ മൊബൈല്‍ ടവര്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ അനാവശ്യമായി സ്റ്റോപ്പ് മെമ്മോ കൊടുക്കുന്നു എന്നത് ശരിയല്ലെന്നും കഴിയാവുന്നത്ര അനുമതി നല്‍കാറുണ്ടെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ഹോമിയോപ്പതി അശാസ്ത്രീയമാണെന്ന നിലപാട് ശരിയല്ലെന്നും ഓരോ ചികിത്സാ ശാഖകള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നത് നല്ല കാര്യമാണെന്നും ഇത്തരം പ്രഭാത യോഗങ്ങള്‍ മാതൃകാപരമാണെന്നും അഡ്വ. നന്ദകുമാര്‍ പറഞ്ഞു. സര്‍ക്കാറിനെ കൂടുതല്‍ ജനകീയമാക്കാനായി  മൂന്നു മാസത്തിലൊരിക്കലെന്ന രീതിയില്‍ പ്രാദേശിക തലത്തില്‍ പ്രഭാഗയോഗങ്ങള്‍ സംഘടിപ്പിക്കണം. കോര്‍ട്ട് ഫീ ആക്ട് ഭേദഗതി വരുത്തണമെന്നും ഇതു വഴി സര്‍ക്കാറിന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടുങ്ങിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന തിരൂര്‍ കോടതി മലയാളം സര്‍വ്വകലാശാലയ്ക്ക് സമീപത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹെല്‍ത്ത് ടൂറിസത്തെ മാര്‍ക്കറ്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ഡോ. അരുണ്‍ രാജന്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദ രംഗത്ത് കൂടുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഹെല്‍ത്ത് ടൂറിസം രംഗത്ത് സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ഹെല്‍ത്ത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്ന് കാര്‍ഷിക അവാര്‍ഡ് ജേതാവ് അബ്ദുല്‍ലത്തീഫ് അഭ്യര്‍ഥിച്ചു.

ഹയര്‍സെക്കന്ററി സ്കൂളുകളില്‍ അനധ്യാപക തസ്തികള്‍ സൃഷ്ടിക്കണമെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകയും ഹയര്‍സെക്കന്ററി പ്രിന്‍സിപ്പലുമായ ബെന്‍ഷ മുഖ്യമന്ത്രിയോഭ്യര്‍ഥിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

പ്രവാസികള്‍ക്കായി വിദേശത്തും പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് പ്രവാസിയായ പി.ടി നാരായണന്‍ അഭ്യര്‍ഥിച്ചു. വിദേശത്തെ തൊഴില്‍ മേഖലയിലേക്ക് സംസ്ഥാനത്തു നിന്നുള്ളവരെ പ്രാപ്തരാക്കുന്നതിന് കൂടുതല്‍ നൈപുണി കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിദേശത്ത് പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കുക പ്രായോഗികമല്ലെന്നും സംസ്ഥാനത്ത്  നൈപുണി പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
മലയാളം സർവകലാശാലയ്ക്ക് സ്വന്തമായി കെട്ടിടം അനുവദിക്കണമെന്നും സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നും സര്‍വ്വകലാശാലയിലെ ഗവേഷകനായ വി.പി അനീഷ് അഭ്യര്‍ഥിച്ചു. ഗവേഷകർക്കുള്ള സർക്കാർ ഗ്രാന്റ് മുടങ്ങിയതുമായി ബസപ്പെട്ട പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പെൻഷൻ അനുവദിക്കണമെന്നും എയ്ഡഡ് സ്കൂളുകളിലെ നിയമന പ്രശ്നം പരിഹരിക്കണമെന്നും ഇബ്രാഹിം മാസ്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കേണ്ട കാര്യമില്ലെന്നും എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനപ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
സമഗ്ര വികസനത്തിന് കരുത്തേകുന്ന അതിവേഗ റെയിൽ പാതയുടെ നിർമ്മാണത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഹസീബ് തങ്ങള്‍ പറഞ്ഞു. അതിവേഗ പാതയുടെ നിർമ്മാണം പൂർത്തിയാക്കണം. വികസനത്തിന് കക്ഷി രാഷ്ട്രീയത്തിനതീതമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരൂര്‍ ഗൾഫ് മാർക്കറ്റിലെ വ്യാപാരികളെ ട്രേഡ് യൂണിയനും ജി എസ് ടി അധികൃതരും ശത്രുക്കളേപ്പോലെയാണ് കാണുന്നതെന്നും വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാതെ അധികാരികള്‍ ബുദ്ധിമുട്ടിക്കുകയാണെന്നും ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ഇബ്നുൽ വഫ പറഞ്ഞു. നിയമവും ചട്ടവും പാലിച്ച് പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ആരെയും ശത്രുക്കളെ പോലെ കാണാതെ ഒരുമിച്ച് മുന്നോട്ടു പോവുകയാണ് എല്ലാവരും വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രികളില്‍ രക്തബാങ്ക് ആരംഭിക്കുന്നതിനുള്ള അനുമതിക്കായുള്ള കാലതാമസം ഒഴിവാക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകനായ ഡോ.കെ.കെ. ഗോപിനാഥൻ അഭിപ്രായപ്പെട്ടു. ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയാൽ പ്രവർത്തനം ആരംഭിക്കാനുള്ള അനുമതി നൽകണം. പാരാമെഡിക്കൽ സേവനങ്ങൾ ആരംഭിക്കുന്നതിന് ആശുപത്രിയുടേതല്ലാത്ത സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പ്രവാസികള്‍ക്ക് പ്രത്യേക പരിഗണനയും സൗകര്യങ്ങളും സംസ്ഥാനത്തുണ്ടെന്ന് പ്രവാസി ബിസിനസുകാരനായി സമീര്‍ ഹാജിക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ നേതൃത്വത്തിൽ എൻട്രൻസ് കോച്ചിങ് സൗകര്യം ഏർപ്പെടുത്തണമെന്നും. കടൽ ക്ഷോഭം രൂക്ഷമായ പൊന്നാനിയിൽ കടൽ ഭിത്തി നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും  സർക്കാർ സഹായത്താൽ തീരദേശ മേഖലയിൽ നിന്ന് എം.ബി.ബി.എസ് നേടിയ സംസ്ഥാനത്തെ ആദ്യ വനിതയായ ഡോ. സുൾഫത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ എന്‍ട്രസ് കോച്ചിങിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാളപൂട്ട് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്ന് കാളപൂട്ട് തൊഴിലാളിയും കര്‍ഷകനുമായ കുഞ്ഞുമൊയ്തീന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ക്ഷേത്രങ്ങളുടെ അംശാദായ തുക വർധിപ്പിക്കണമെന്നും മനോജ് എമ്പ്രാന്തിരി മുഖ്യമന്ത്രിയോടഭ്യര്‍ഥിച്ചു. ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള മലബാര്‍ ദേവസ്വം ബില്ല് കൊണ്ടു വരുമെന്ന് ഇദ്ദേഹത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ കലാ-സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രഗത്ഭര്‍ ക്ഷണിതാക്കളായി പ്രഭാതയോഗത്തില്‍ പങ്കെടുത്തു. 

 

date