Skip to main content

അംബേദ്കർ സെറ്റിൽമെൻറ് പദ്ധതി: 13 പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കും

ജില്ലാ വികസന സമിതി യോഗം

ജില്ലയിലെ 16 കോളനികളിൽ നടപ്പിലാക്കുന്ന അംബേദ്കർ സെറ്റിൽമെൻറ് സമഗ്ര വികസന പദ്ധതി പ്രകാരമുള്ള, നിർത്തിവെച്ച പ്രവൃത്തികൾ പുനരാരംഭിച്ച് 13 എണ്ണം ഡിസംബർ 31ഓടെ പൂർത്തീകരിക്കുമെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. 16 കോളനികളിലെയും പ്രവൃത്തികൾ സംബന്ധിച്ച് ഐടിഡിപി അസി. എൻജിനീയർ, ഹാബിറ്റാറ്റ് അസി. എൻജിനീയർ, ട്രൈബൽ എക്‌സ്‌റ്റെൻഷൻ ഓഫീസർ, എസ് ടി പ്രൊമോട്ടർ എന്നിവർ ചേർന്ന് നടത്തിയ പരിശോധന റിപ്പോർട്ട് ജില്ലാ വികസന കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. 16ൽ നാല് പ്രവൃത്തികൾ ഡിസംബർ 15നകവും രണ്ടെണ്ണം ഡിസംബർ 25നകവും ഏഴ് പ്രവൃത്തികൾ ഡിസംബർ 31നകവും പൂർത്തിയാക്കും. ഒരു പ്രവൃത്തിക്ക് ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
പാട്യം ഗ്രാമപഞ്ചായത്തിലെ അമ്മാറമ്പ് കോളനിയിലെ പ്രവൃത്തി ആരംഭിച്ചതായി കെ പി മോഹനൻ എംഎൽഎയെ അറിയിച്ചു. പയ്യന്നൂർ മണ്ഡലത്തിലെ പട്ടത്തുവയൽ പട്ടികവർഗ കോളനിയിലെ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാൻ ടി ഐ മധുസൂദനൻ എംഎൽഎയുടെയും ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന്റെയും സാന്നിധ്യത്തിൽ സംയുക്ത പരിശോധന നടത്തും. എയ്യൻകല്ല് പട്ടികവർഗ കോളനിയിലെ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിൽ കോളനിയിലെ കമ്യൂണിറ്റി ഹാൾ പുതുക്കി പണിയുന്നതിന് പട്ടികവർഗ വികസന വകുപ്പ് കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തി ചെറുപുഴ ഗ്രാമപഞ്ചായത്ത് മുഖേന നടപ്പിലാക്കാൻ നിർദേശം നൽകി. ശ്രീകണ്ഠപുരം കരയോടി കോളനിയിലെ പ്രവൃത്തി സംബന്ധിച്ച് ഉൂരുകൂട്ടം യോഗം ചേർന്ന് തീരുമാനിക്കും.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗജന്യമാക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിൽ നിലവിൽ എഎവൈ വിഭാഗത്തിന് മാത്രമാണ് സൗജന്യ ചികിത്സയെന്ന് ആർഎംഒ അറിയിച്ചു. ബിപിഎൽ വിഭാഗത്തിന് സൗജന്യ ചികിത്സ അനുവദിക്കമെന്ന ആവശ്യം ആശുപത്രി വികസന സമിതിയുടെ പരിഗണനയിലാണ്. കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതി, മെഡിസെപ് പോലുള്ളവ ആശുപത്രിയിൽ അനുവദിക്കുന്നുണ്ട്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ നിലവിലെ മലിനജല ശുദ്ധീകരണ പ്ലാൻറിന്റെ ചോർച്ച തടയുന്നതിനും സംരക്ഷിക്കുന്നതിനുമായി സുരക്ഷാമതിൽ സ്ഥാപിച്ചുനൽകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നാശനഷ്ടം വന്നാൽ അതിന്റെ ഉത്തരവാദിത്തം കരാറുകാരായ മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഏറ്റെടുക്കും. സീവേജ് ട്രീറ്റ്‌മെൻറ് പ്ലാൻറിന്റെ നവീകരണ പ്രവൃത്തി നടത്താൻ പാലക്കാട് ഐആർടിസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി എത്രയും പെട്ട് ആരംഭിക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിലെ സീവേജ് ട്രീറ്റ്‌മെൻറ് പ്ലാൻറിന് തകരാറുകളൊന്നും സ്ഥാപിക്കുകയില്ലെന്നും ആവശ്യമായ ക്ലിയറൻസ് കോളജ് പ്രവേശന കവാടത്തിലേക്കുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം കൈമാറുന്ന വിഷയം സർക്കാറിന്റെ പരിഗണനയിലാണെന്ന് തലശ്ശേരി സബ് കലക്ടർ അറിയിച്ചു. മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ നടത്തിപ്പിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം വരുന്നതുവരെ നിർമ്മാണം പൂർത്തീകരിച്ച ബോട്ട് ജെട്ടികൾ കണ്ണൂർ ഡിടിപിസിക്ക് കൈമാറാൻ ടൂറിസം വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡിടിപിസിക്ക് കൈമാറിയതായി ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കെ വി സുമേഷ്, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പാടിയത്ത് എന്നിവർ സംസാരിച്ചു.

മാഹി പാലം അറ്റകുറ്റപണി റോഡ് പണിയുമായി ചേർത്ത് നടത്തും

മാഹി പാലത്തിന്റെ അറ്റകുറ്റപണിക്കായി ടെൻഡർ ചെയ്‌തെങ്കിലും ആരും ഏറ്റെടുക്കാത്തതിനാൽ മുഴപ്പിലങ്ങാട്-മാഹി പാലം റോഡ് പണിയുമായി ചേർത്ത് പ്രവൃത്തി ടെൻഡർ ചെയ്യുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. റോഡ് പ്രവൃത്തിക്കായി 7.80 കോടി രൂപയും പാലം അറ്റകുറ്റപണിക്ക് 19,33,282 രൂപയും അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസം ടെൻഡർ ചെയ്യും. ഡിസംബറിൽ പണി തുടങ്ങും.

date