നവ കേരള സദസ്സ്: ആടിയും പാടിയും പാട്ടുകൂട്ടം
ഡിസംബര്‍ ആറിന് നടക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പാട്ടുകൂട്ടം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ടൗണ്‍ഹാളിന് സമീപമുള്ള അയ്യങ്കാളി സ്‌ക്വയറില്‍ നടന്ന പരിപാടി മൃദംഗ വിദ്വാന്‍ സുജന്‍ പൂപ്പത്തി ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ജില്ലാ പ്രസിഡന്റ് അഡ്വ. വി.ഡി. പ്രേം പ്രസാദ് മുഖ്യാതിഥിയായി.
പരിപാടിയില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ കലാകാരന്മാര്‍ വിവിധ കലാപരിപാടി അവതരിപ്പിച്ചു. കേട്ടു മറന്ന പാട്ടുകളും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന വരികളുമായി പാട്ടുകൂട്ടം ആസ്വാദക മനസ്സുകളില്‍ ഇടം നേടി.
കേരള സംഗീത നാടക അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗം സജു ചന്ദ്രന്‍, പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ഖാദര്‍ പട്ടേപ്പാടം, സാംസ്‌കാരിക സബ് കമ്മിറ്റി കണ്‍വീനര്‍ ഉദിമാനം അയ്യപ്പന്‍കുട്ടി, ഓട്ടം തുള്ളല്‍ കലാകാരന്‍ മുരിയാട് മുരളീധരന്‍, ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.എ. സീനത്ത്, സോപാന സംഗീതം ആലപിക്കുന്ന ശ്രീലക്ഷ്മി ബിജു ചന്ദ്രന്‍, നാടന്‍ പാട്ട് കലാകാരനായ രഞ്ജിത്ത് കുറുമ്പിലാവ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments