Skip to main content

നവകേരള സദസ്; ഏറ്റുമാനൂരിൽ വിദ്യാഭ്യാസ കോൺക്ലേവ് ഇന്ന് (ചൊവ്വാഴ്ച, നവംബർ 28)

-'വിജ്ഞാനകേരളം ഇന്നും നാളെയും'

കോട്ടയം:  നവകേരളസദസിന്റെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കോൺക്ലേവ് ഇന്നു (ചൊവ്വാഴ്ച, നവംബർ 28) നടക്കും. 'വിജ്ഞാനകേരളം ഇന്നും നാളെയും' എന്ന വിഷയത്തിൽ  മാന്നാനം കെ.ഇ. സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 നാണ് കോൺക്ലേവ്. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദ്കുമാർ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും വിദ്യാഭ്യാസ കോൺക്ലേവ് ചെയർമാനുമായ ജെയിംസ് കുര്യൻ അധ്യക്ഷത വഹിക്കും. സർവകലാശാല രജിസ്ട്രാർ പ്രൊഫ. ബി പ്രകാശ് കുമാർ മോഡറേറ്ററാവും. സർവകലാശാല മുൻ വൈസ് ചാൻസിലറും ത്രെസ്റ്റ് റിസേർച്ച് പാർക്ക് ചെയർമാനുമായ പ്രൊഫ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ആമുഖപ്രസംഗം നടത്തും.
രജിസ്ട്രേഷൻ രാവിലെ 9.30 ന് ആരംഭിക്കും. ഉന്നത വിദ്യാഭ്യാസംരംഗത്തെ സിലബസ്, സ്വയംഭരണം, പ്രോഗ്രാമുകളുടെ കാലോചിതമായ പരിഷ്‌കരണം എന്ന വിഷയത്തിൽ സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിലെ പ്രൊഫ. കെ. ജയചന്ദ്രൻ വിഷയം അവതരിപ്പിക്കും. പൊതുവിദ്യാഭ്യാസരംഗത്തെ ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് എം.ജി സർവകലാശാല ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ ഡോ. പി. പി. നൗഷാദും പഠനത്തോടൊപ്പം തൊഴിൽ അക്കാദമിക-സംരംഭക വ്യവസായ സഹകരണത്തെക്കുറിച്ച് അമലഗിരി ബി.കെ. കോളജ് പ്രിൻസിപ്പൽ പ്രൊഫ. മിനി തോമസും വിദേശ വിദ്യാഭ്യാസരംഗത്തെ ആകർഷണീയതയും ഭാവി പ്രതിസന്ധിയെയും കുറിച്ച് സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ പ്രൊഫ. എം.എച്ച്. ഇലിയാസും വിഷയാവതരണം നടത്തും.  

മാന്നാനം കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ.ജെയിംസ് മുല്ലശ്ശേരി, മാന്നാനം സി.എം.ഐ. ആശ്രമം പ്രയോർ റവ. ഫാ. കുര്യൻ ചാലങ്ങാടി, മാന്നാനം കെ.ഇ. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഐസൺ വഞ്ചിപ്പുരയ്ക്കൽ, ഏറ്റുമാനൂർ എ.ഇ.ഒ. ശ്രീജ പി. ഗോപാൽ, ഏറ്റുമാനൂരപ്പൻ കോളജ് പ്രിൻസിപ്പൽ  പ്രൊഫ. ആർ. ഹേമന്തകുമാർ, മഹാത്മാഗാന്ധി സർവകലാശാല ജോയിന്റ് റജിസ്ട്രാറും വിദ്യാഭ്യാസ കോൺക്ലേവ് കൺവീനറുമായ പി. ഹരി എന്നിവർ പങ്കെടുക്കും.

date