Skip to main content

വനിതാ കമ്മിഷൻ തീരദേശ സെമിനാർ 28ന് അഴീക്കോട്

തീരദേശ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി കണ്ണൂർ ജില്ലയിലെ തീരദേശ മേഖലയിൽ നവംബർ 28നും 29നും വനിതാ കമ്മിഷൻ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിന്റെ ഭാഗമായി നവംബർ 28ന് ഉച്ചകഴിഞ്ഞ് 2.30ന് അഴീക്കോട് ആത്മ വിദ്യമന്ദിറിൽ ഗാർഹിക അതിക്രമങ്ങളിൽ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷത വഹിക്കും.
അഡ്വ. പ്രസന്ന മണികണ്ഠൻ ക്ലാസ് നയിക്കും. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി. സരള, അഴിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. റീന, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യ എന്നിവർ സംസാരിക്കും.
നവംബർ 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുഴപ്പിലങ്ങാട് മത്സ്യ തൊഴിലാളികളുടെ വീടുകൾ വനിതാ കമ്മിഷൻ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തീരദേശ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുക്കുന്ന ഏകോപന യോഗം മുഴപ്പിലങ്ങാട് കമ്മ്യൂണിറ്റി ഹാളിൽ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സജിത അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, ജില്ലാപഞ്ചായത്ത് അംഗം കെ.വി. ബിജു, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വിജേഷ്, തലശേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. ഫർസാന, മുഴപ്പിലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി. റജീന, സിഡിഎസ് ചെയർപേഴ്സൺ ടി.വി. നിമിഷ, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യ എന്നിവർ സംസാരിക്കും. വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന ചർച്ച നയിക്കും.
തീരദേശ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും അവിടുത്തെ ഭൗതിക, സാമൂഹ്യ സാഹചര്യങ്ങളും നേരിട്ട് മനസിലാക്കുന്നതിനും പരിഹാര നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കുന്നതിനുമാണ് തീരദേശ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു

date