Skip to main content

ഭക്ഷ്യ വിഷബാധ തടയാന്‍ ജാഗ്രത പുലര്‍ത്തണം

 

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ വിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും, ഹോട്ടല്‍, കാറ്ററിങ്ങ്, ക്യാമ്പുകള്‍, ഭക്ഷണ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ ഈ വര്‍ഷം പായിപ്ര, നോര്‍ത്ത് പറവൂര്‍, മാങ്ങാട്ടമുക്ക്, വടവുകോട്, ആലങ്ങാട്, തൃക്കാക്കര, അങ്കമാലി എന്നീ പ്രദേശങ്ങളിലാണ് ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലങ്ങാട് ഒരു പരിപാടിയില്‍ നടന്ന ബിരിയാണി ചലഞ്ചില്‍ പങ്കെടുത്ത 175 പേര്‍ക്ക് ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. 

സ്‌കൂള്‍ കോളേജ്, അവധിക്കാല ക്യാമ്പുകള്‍, ഹോസ്റ്റലുകള്‍,
ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ജില്ലാ ആരോഗ്യ വിഭാഗവും ഭക്ഷ്യ
സുരക്ഷാവിഭാഗവും സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടികള്‍ സ്വീകരിച്ചു.

ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്പോള്‍
ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച മൂലമോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതും മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതും  മലിനമായ ജലത്തില്‍ ആഹാരം പാകം ചെയ്യുന്നതും ഹോട്ടലുകളിലും മറ്റും ഫ്രിഡ്ജില്‍ മാംസം ഉള്‍പ്പടെയുള്ള ഭക്ഷണസാധനങ്ങള്‍ ദിവസങ്ങളോളം സൂക്ഷിക്കുന്നതും ഇവ ഫ്രിഡ്ജില്‍ തുറന്നുവച്ച് മറ്റ് ആഹാര സാധനങ്ങളുമായി കലരുന്നതും, ഇറച്ചി, മീന്‍, പാല്‍, പാലുല്പന്നങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയവ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

പനി, വയറിളക്കം, ഛര്‍ദ്ദി, തലവേദന, വയറുവേദന ലക്ഷണങ്ങള്‍
ഉള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കുക. ലക്ഷണങ്ങള്‍ കണ്ടാലുടനെ
ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ തേടേണ്ടതാണ്.
ക്യാമ്പുകള്‍, പൊതു ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം തയ്യാറാക്കി
സൂക്ഷിക്കുമ്പോള്‍ അവ അടച്ചു സൂക്ഷിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വൃത്തിയുള്ള സ്ഥലത്ത് ആയിരിക്കണം ഭക്ഷണം തയ്യാറാക്കുന്നതും
വിതരണം ചെയ്യുന്നതും.

ഫ്രിഡ്ജില്‍ സൂക്ഷിച്ച പഴകിയ ഭക്ഷണ സാധനങ്ങള്‍
ഉപയോഗിക്കാതിരിക്കുക. ഫ്രിഡ്ജില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍
വൃത്തിയുള്ള പാത്രത്തില്‍ പ്രത്യേകം അടച്ചു സൂക്ഷിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാന്‍ നല്‍കുക. പച്ചവെള്ളവും,
തിളപ്പിച്ച വെള്ളവും കൂടിക്കലര്‍ത്തി ഉപയോഗിക്കരുത്. പാചകം ചെയ്യുന്നതിനും, പാത്രങ്ങള്‍ കഴുകുന്നതിനും ശുദ്ധമായ ജലം
തന്നെ ഉപയോഗിക്കണം.

കൃത്യമായ ഇടവേളകളില്‍ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യേണ്ടതും, പരിശോധനക്ക് അയക്കേണ്ടതുമാണ്. രോഗബാധിതരായ ആളുകള്‍ പാചകം ചെയ്യുന്നതും ഭക്ഷണവിതരണം ചെയ്യുന്നതും ഒഴിവാക്കുക. സ്‌കൂളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈ
കഴുകുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്.

മാംസാഹാരം തയ്യാറാക്കുമ്പോള്‍ നന്നായി വേവിച്ച് മാത്രം ഉപയോഗിക്കണം. ഹോസ്റ്റലുകള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, ഇലകള്‍ എന്നിവ നന്നായി വൃത്തിയായിരിക്കണം.  കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം പാചകം ചെയ്യാവൂ.

പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, കാലാവധി കഴിഞ്ഞ പാക്കറ്റില്‍ ലഭ്യമായ ആഹാര പദാര്‍ത്ഥങ്ങള്‍ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലില്‍ നിന്നു മാത്രം ആഹാരം കഴിക്കുക. അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.

പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള
അവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം
പുറത്തുകളയണം. ഈച്ച ശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രമേ
ഉപയോഗിക്കാവൂ.

date