Skip to main content

പ്രതീക്ഷയുണർത്തി ജനലക്ഷങ്ങൾ ഒഴുകിയെത്തിയ നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ സമാപനം ഇന്ന്

ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം എന്ന സന്ദേശമുയർത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനത്തിന് ഇന്ന്  (നവംബർ 30ന്) സമാപനം. ലക്ഷക്കണക്കിന് ജനങ്ങളിൽ പ്രതീക്ഷയുണർത്തിയാണ് കഴിഞ്ഞ മൂന്നുദിവസമായി നവകേരള സദസ്സ് ജില്ലയിൽ പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിൽ മൂന്നു ദിനങ്ങളിലായി 12 മണ്ഡലങ്ങൾ പിന്നിടുമ്പോൾ ഓരോ മണ്ഡലങ്ങളിലും വൻജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. വിവിധ പ്രായഭേദമന്യേ നിരവധിപേരാണ് നവകേരള സദസ്സിനായി മണിക്കൂറുകൾക്ക് മുന്നേ വേദികളിലെത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വൻപങ്കാളിത്തം തന്നെ മിക്കയിടത്തും കാണാമായിരുന്നു. ജോലി സംബന്ധമായും സഹായം ആവശ്യപ്പെട്ടും മറ്റു പൊതു ആവശ്യങ്ങളുമായി നിരവധിപേരാണ് പരാതി പരിഹാര കൗണ്ടറുകളിലെത്തുന്നത്. സദസ്സ് ആരംഭിക്കുന്നതിന്റെ മൂന്നുമണിക്കൂർ മുന്നേതന്നെ എല്ലാ മണ്ഡലങ്ങളിലും കൗണ്ടറുകൾ ആരംഭിച്ചിരുന്നു. ലഭിക്കുന്ന പരാതികളിൽ കൈപറ്റ് രസീത് നൽകാനും ഉദ്യോഗസ്ഥരും യഥാസമയം തന്നെ ജാഗ്രതയോടെ പ്രവർത്തിച്ചത് കൗണ്ടറുകളിലെത്തിയവർക്ക് ഏറെ സഹായകരമായി മാറി. രാവിലെ ഒമ്പതിന് മലപ്പുറം വുഡ്ബൈൻ ഹോട്ടലിൽ നടന്ന പ്രഭാത യോഗത്തോടെയാണ് മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചത്. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, കോട്ടയ്ക്കൽ, വള്ളിക്കുന്ന്, വേങ്ങര നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളാണ് പ്രഭാത യോഗത്തിൽ പങ്കെടുത്തത്. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നടന്നു. ശേഷം രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് നടന്നു. വൈകീട്ട് മൂന്നിന് മഞ്ചേരി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ മഞ്ചേരി മണ്ഡലം, വൈകീട്ട് 4.30ന് മങ്കട ഗവ. ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മങ്കട മണ്ഡലം, വൈകീട്ട് ആറിന് മലപ്പുറം എം.എസ്.പി.എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ മലപ്പുറം മണ്ഡലം നവകേരള സദസ്സും നടന്നു.

ഇന്ന് (നവംബർ 30ന്) രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളുടെ പ്രഭാത സദസ്സോടെ നാലാം ദിനത്തിലെ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഏറനാട് മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. വൈകീട്ട് മൂന്നിന് നിലമ്പൂർ മണ്ഡലം സദസ്സ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂർ മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് വി.എം.സി ഹൈസ്‌കൂൾ ഗ്രൗണ്ടിലും പെരിന്തൽമണ്ണ മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് നെഹ്‌റു സ്റ്റേഡിയത്തിലും നടക്കും. നാളെ പാലക്കട് ജില്ലയിലെ പര്യടനം ആരംഭിക്കും.
 

date