Skip to main content

നവകേരള സദസ്: തൃക്കാക്കരയിൽ ഒരുക്കങ്ങൾ തുടങ്ങി

 

മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കര മണ്ഡലത്തിലെത്തുന്ന നവകേരള സദസിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ തുടങ്ങി. സദസിൻ്റെ വേദിയായ കാക്കനാട് കളക്ട്രേറ്റ് പരേഡ് ഗ്രൗണ്ടിൽ പന്തൽ നിർമ്മാണം ആരംഭിച്ചു.

7000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് പന്തൽ സജ്ജീകരിക്കുന്നത്. പരാതികൾ സ്വീകരിക്കാൻ 30 കൗണ്ടറുകളും തയ്യാറാക്കും. പരേഡ് ഗ്രൗണ്ടിൽ തൃക്കാക്കര നഗരസഭയിലെ ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണം നടക്കുകയാണ്.

സദസിൻ്റെ പ്രചരണത്തോടനുബന്ധിച്ച് ഡിസംബർ ഒന്നു മുതൽ ഏഴു വരെ വൈകീട്ട് 6ന് കാക്കനാട് മുൻസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ സപ്ത കലാസന്ധ്യ അരങ്ങേറും. നവംബർ 30ന് ഉച്ചയ്ക്ക് മൂന്നിന് 'ടെക്കികളും തൃക്കാക്കരയും' എന്ന വിഷയത്തിൽ കാക്കനാട് പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ സംവാദവും സംഘടിപ്പിക്കുന്നുണ്ട്.

ഡിസംബർ ഒൻപതിന് രാവിലെ 11ന് കാക്കനാട് കളക്ട്രേറ്റ് പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിക്കുന്നത്. 16000 പേർ നവകേരള സദസിൽ പങ്കാളികളാകും. 

സദസിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി വ്യാപാരി വ്യവസായി സമിതികൾ, റെസിഡൻസ് അസോസിയേഷനുകൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരുമായുള്ള  യോഗങ്ങൾ പൂർത്തിയായി. സദസിൽ പങ്കെടുക്കുന്നവർക്കുള്ള ലഘു ഭക്ഷണം സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ക്യാൻ്റീനിൽ ഒരുക്കും.

date