Skip to main content

നവകേരളം' സെൽഫി മത്സരം സർക്കാർ നേട്ടങ്ങൾക്കൊപ്പം സെൽഫിയെടുക്കൂ; സമ്മാനം നേടാം

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ഡിസംബർ 13ന് വൈകിട്ട് ആറിന് തിരുനക്കര മൈതാനത്ത് നടക്കുന്ന കോട്ടയം നിയമസഭ മണ്ഡലത്തിലെ നവകേരള സദസിന്റെ ഭാഗമായി കോട്ടയം നിയമസഭാ മണ്ഡലം സംഘാടക സമിതി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പുമായി ചേർന്ന് കോട്ടയം നിയമസഭാ മണ്ഡലത്തിൽ താമസിക്കുന്ന പൊതുജനങ്ങൾക്കായി 'നവകേരളം' സെൽഫി മത്സരം സംഘടിപ്പിക്കുന്നു.
ആദ്യ പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റതുമുതൽ കോട്ടയം നിയമസഭ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾക്ക്/പദ്ധതികൾക്ക് ഒപ്പമുള്ള സെൽഫി ഫോട്ടോകളാണ് മത്സരത്തിനായി അയയ്ക്കേണ്ടത്. കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനസർക്കാർ പൂർത്തീകരിച്ച റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, കെട്ടിടങ്ങൾ, സ്‌കൂളുകളിലെ പദ്ധതികൾ, മറ്റു വികസനപദ്ധതികൾ എന്നിവയ്‌ക്കൊപ്പമുള്ള സെൽഫി അയയ്ക്കാം. യഥാർത്ഥ പദ്ധതി/നിർമ്മിതികൾക്കൊപ്പമായിരിക്കണം സെൽഫി. ഫോട്ടോകൾ വ്യക്തവും വികസനപദ്ധതികൾ ഏതെന്നു തിരിച്ചറിയാൻ കഴിയുന്നതുമായിരിക്കണം. പശ്ചാത്തലമായി ഒരു ചിത്രം വച്ച് അതിനു മുന്നിൽ നിന്ന് ഫോട്ടോ എടുത്താൽ സ്വീകരിക്കില്ല. 9496161411 എന്ന വാട്‌സാപ്പ് നമ്പറിൽ ഡിസംബർ ഒമ്പതിന് വൈകിട്ട് അഞ്ചുവരെ ഫോട്ടോകൾ അയയ്ക്കാം. മത്സരത്തിനു ലഭിക്കുന്ന യോഗ്യമായ ചിത്രങ്ങൾ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും. ഏറ്റവുമധികം ലൈക്ക് ലഭിക്കുന്ന ചിത്രങ്ങൾക്കാണ് സമ്മാനം. ഒരാളുടെ ഒരു എൻട്രിയേ സ്വീകരിക്കൂ. സെൽഫി ചിത്രങ്ങൾക്കൊപ്പം ആ വികസനപദ്ധതിയെക്കുറിച്ചുള്ള അടിക്കുറിപ്പ്, മത്സരാർഥിയുടെ പേര്, വിലാസം, ബന്ധപ്പെടേണ്ട ഫോൺനമ്പർ എന്നിവയും നൽകണം. തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ കാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.

 

date