Skip to main content
അനീഷയ്ക്ക് വീട്ടിലിരുന്ന് പത്താം ക്ലാസ് പരീക്ഷയും എഴുതണം; സഹായം ഉറപ്പ് നൽകി മന്ത്രിമാർ

അനീഷയ്ക്ക് വീട്ടിലിരുന്ന് പത്താം ക്ലാസ് പരീക്ഷയും എഴുതണം; സഹായം ഉറപ്പ് നൽകി മന്ത്രിമാർ

മസ്‌കുലാർ ഡിസ്‌ട്രോഫി എന്ന അസുഖത്തോട് പടപൊരുതി തന്റെ ആഗ്രഹങ്ങൾക്കായി കഠിനപ്രയത്‌നം ചെയ്യുന്ന അനീഷ അഷറഫ് പുതിയ തലമുറയ്ക്ക് മാതൃകയാണ്. നവകേരള സദസ്സിന്റെ ഭാഗമായുള്ള തൃശൂരിലെ പ്രഭാതയോഗത്തിൽ എത്തിയ അനീഷയ്ക്ക് പറയാനുണ്ടായിരുന്നത് തന്റെ തുടർപഠനത്തെ കുറിച്ചും രോഗാവസ്ഥയെ കുറിച്ചുമായിരുന്നു.

അസുഖത്തെ തുടർന്ന് അഞ്ചാം ക്ലാസിൽ പഠനം നിർത്തി വർഷങ്ങൾക്കിപ്പുറം 32ാം വയസ്സിൽ സാമൂഹികനീതി വകുപ്പിന്റെ പ്രത്യേക അനുമതിയിൽ തളിക്കുളത്തെ തന്റെ വീട്ടിലിരുന്ന് സാക്ഷരതാ മിഷന്റെ ഏഴാം തരം പരീക്ഷ എഴുതി അനീഷ. ഇനി പത്താംതരം പരീക്ഷയും വീട്ടിലിരുന്ന് എഴുതണം, ജനറ്റിക് ടെസ്റ്റ് സൗജന്യമായി നടത്താനുള്ള സൗകര്യം മെഡിക്കൽ കോളജുകളിൽ ഒരുക്കണം എന്നിവയാണ് ആവശ്യങ്ങൾ. അധികനേരം ഇരിക്കാനോ എഴുതാനോ കഴിയാത്തതിനാൽ പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്നത് അപ്രായോഗികമാണ്. മന്ത്രിമാരെ നേരിൽ കണ്ട് തന്റെ ആവശ്യങ്ങൾ പങ്കുവെച്ചു. സാമൂഹികനീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു തുടർ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങൾക്കും സർക്കാർ ഒപ്പമുണ്ടാകുമെന്ന ഉറപ്പുനൽകി. അനീഷയെ കണ്ട് വിവരങ്ങൾ അന്വേഷിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആവശ്യമായ എല്ലാ ആരോഗ്യ സേവനങ്ങളും എത്രയും പെട്ടെന്ന് ജനറ്റിക് ടെസ്റ്റ് ഉൾപ്പെടെയുള്ള ചികിത്സകൾ തുടങ്ങാമെന്നും ഉറപ്പു നൽകി.

മുടങ്ങിപ്പോയ പഠനം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും സർക്കാർ നൽകുന്ന പ്രോത്സാഹനങ്ങളിൽ വലിയ പ്രതീക്ഷയുണ്ട്. തന്റെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് അനീഷ. സംസ്ഥാന ഭിന്നശേഷി ബെസ്റ്റ് റോൾ മോഡൽ 2023 അവാർഡ് ജേതാവ് കൂടിയാണ് അനീഷ. അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാകാനാണ് അനീഷയ്ക്ക് ആഗ്രഹം. ഇടം ഡിജിറ്റൽ മാഗസിൻ ചീഫ് എഡിറ്റർ, ഇടം പ്രോജക്ട് കോ ഓർഡിനേറ്റർ, എഴുത്തുകാരി, എംബ്രോയിഡറി ആർട്ടിസ്റ്റ് എന്നീ മേഖലകളിലെല്ലാം അനീഷ മികവ് തെളിയിച്ചിട്ടുണ്ട്. തളിക്കുളം പണിക്ക വീട്ടിൽ അഷറഫ് ഫാത്തിമ ദമ്പതികളുടെ മകളാണ് അനീഷ.

date