Skip to main content

നാടിന്റെ മുന്നേറ്റത്തിന് കരുത്താകുന്ന നിർദേശങ്ങളുമായി അങ്കമാലി പ്രഭാത സദസ്സ്

 

നവകേരള സദസ്സിന്റെ ഭാഗമായി അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തിൽ ആലുവ, അങ്കമാലി, പറവൂർ മണ്ഡലങ്ങളിൽ നിന്നുള്ള 80 പേരാണ് അതിഥികളായെത്തിയത്. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് അതിഥികളുയർത്തിയ ഓരോ ചോദ്യങ്ങളും മുഖ്യമന്ത്രി പ്രത്യേകം രേഖപ്പെടുത്തി മറുപടി നൽകി. 

പ്രഭാതയോഗത്തിൽ ഉയർന്ന നിർദേശങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും

ഡോ. മോർ  സേവിയേഴ്സ് എബ്രഹാം
അങ്കമാലി മേഖല മെത്രാപൊലീത്ത അങ്കമാലി ഭദ്രാസനം

 കേരള മന്ത്രിസഭ തന്നെ നാടിന്റെ പടിവാതിൽക്കൽ എത്തുക എന്നത് ചരിത്ര സംഭവമാണ്. നവ കേരള നിർമ്മിതിയുടെ വഴിയിൽ സംസ്ഥാനം മുന്നേറുകയാണ്.  നവ കേരള സദസ്സിന് എല്ലാ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സലാം കൈതാരം
പറവൂർ മേഖലാ സംയുക്ത മഹല്ല് ജമാ അത്ത് ജനറൽ കൺവീനർ

 നാടിന്റെ മതമൈത്രിയും സാഹോദര്യവും നിലനിർത്തുന്നതിന് മാധ്യമങ്ങൾക്ക് പൊതുവായ പെരുമാറ്റ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ജഡ്ജി,  ജനപ്രതിനിധി എന്നിവർ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണം. സ്കൂളുകളിൽ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി  നടപടികൾ ശക്തമാക്കണം. സ്റ്റുഡന്റ് പോലീസ്  കേഡറ്റ്  മോഡലിൽ  എക്സൈസ് കേഡറ്റ് രൂപീകരിക്കണമെന്ന് നിർദ്ദേശം പങ്കുവെച്ചു.

 വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു എക്സൈസിന്റെയും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിൽ ലഹരി വിമുക്തപ്രവർത്തനങ്ങൾ ശക്തമായി നടന്നു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ഇതിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. സ്കൂൾ രക്ഷാകർതൃ സംഘടനകൾ അധ്യാപകർ നാട്ടുകാർ എന്നിവർ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളുടെ ഇടയിൽ കണ്ടെത്തുന്ന സാഹചര്യത്തിൽ സ്കൂളുകൾ ഇത് മറച്ചു വയ്ക്കാതെ കൃത്യമായ അറിയിക്കണം.  ഇത്തരം കാര്യങ്ങൾ പ്രതിരോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.  മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരിക എന്നത് നിലവിൽ പ്രായോഗികമായ കാര്യമല്ല. മാധ്യമങ്ങൾ തന്നെ സമവായം സൃഷ്ടിച്ച് മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡോ. എം. എൻ സോമൻ
എസ്എൻഡിപി യോഗം ആലുവ യൂണിയൻ പ്രസിഡന്റ്  

 എല്ലാ വിഭാഗം ആളുകളെയും സംഘടിപ്പിച്ച് മുന്നോട്ടുപോകുന്ന നവ കേരള സദസ്സിന് ആശംസകൾ നേരുന്നു. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജനങ്ങളിലേക്ക് സർക്കാർ നേരിട്ട് എത്തി പരാതികൾക്ക് പരിഹാരം കാണുക എന്നത് ചരിത്രസംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

വാണിജ്യാടിസ്ഥാനത്തിൽ മികച്ച ഡയറി ഫാമിനുള്ള അവാർഡ് നേടിയ 
ജിജി ബിജു

 യുവജനങ്ങൾ വിദേശങ്ങളിലേക്ക് ചേക്കേറുന്നത് ഭാവിയിൽ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിക്കും. ഇത് പ്രതിരോധിക്കുന്നതിന് അനിവാര്യമായ സാഹചര്യങ്ങൾ സംസ്ഥാനത്ത് ഒരുക്കുന്നതിനുള്ള നടപടികൾ പരിശോധിക്കണമെന്ന് നിർദ്ദേശം പങ്കുവെച്ചു. കന്നുകാലികളെ വളർത്തുന്ന ഷെഡുകൾക്കും, അനുബന്ധ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റുകളെയും  നികുതിയിൽ നിന്ന് ഒഴിവാക്കാൻ കഴിയുമെങ്കിൽ സർക്കാർ പരിഗണിക്കണമെന്ന് അവർ പറഞ്ഞു.

 ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശാക്തീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ ഹബ്ബായി ഉയർത്തും. വിദേശരാജ്യങ്ങളിൽ നിലവിലുള്ള ആധുനിക കോഴ്സുകൾ സംസ്ഥാനത്ത് സർവകലാശാലകളിലും കൊണ്ടുവരും. ഇതുവഴി വിദേശത്ത് നിന്നുള്ളവരെ വരെ കേരളത്തിലേക്ക് വിദ്യാഭ്യാസത്തിനായി എത്തിക്കാൻ സാധിക്കും. വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് ഉന്നത വിദ്യാഭ്യാസം മേഖലയിൽ കോഴ്സുകൾ രൂപീകരിക്കും. ഇതുവഴി വിദ്യാർഥികൾക്ക്  തൊഴിൽ കണ്ടെത്തുന്നതിനുള്ള സാധ്യത ഒരുങ്ങും. ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നത് കുറയ്ക്കാൻ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്നുകാലി ഷെഡുകളെയും ട്രീറ്റ്മെന്റ് പ്ലാന്റുകളെയും നികുതിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യത്തെക്കുറിച്ച് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്രസന്റ് പബ്ലിക് സ്കൂൾ ആലുവ
ചെയർമാൻ  പി എസ് അബ്ദുൽ നാസർ

 സീപോർട്ട് എയർപോർട്ട് റോഡ് രണ്ടാംഘട്ടം പ്രവൃത്തികൾ വേഗത്തിൽ ആക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നടപടികൾ വേഗത്തിൽ ആക്കുന്നതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 സീപോർട്ട് എയർപോർട്ട് റോഡ് രണ്ടാംഘട്ടം നടപടികൾ പുരോഗമിക്കുകയാണെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ദ്രുതതിയിൽ പ്രവർത്തനം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

 തൊഴിലുറപ്പ് തൊഴിലാളി
 ജിൻസി ശ്രീജിത്ത്

 തൊഴിലുറപ്പ് കൂലി മിനിമം 500 രൂപ ആക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. അനുബന്ധ സോഫ്റ്റ്‌വെയറിൽ ഫോട്ടോ നൽകിയാണ് നിലവിൽ ഹാജർ നില രേഖപ്പെടുത്തുന്നത്. നെറ്റ്‌വർക്ക് പ്രശ്നം മൂലം ഇത് സാധ്യമാകാത്ത അവസ്ഥയുണ്ട്. ഈ രീതി മാറ്റുന്നതിനുള്ള നടപടികൾ പരിശോധിക്കണം. തൊഴിലുറപ്പ് മേറ്റർമാർക്ക് ഫോൺ വാങ്ങുന്നതിന് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി
 തുക അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു.

 എഡ്രാക് ജില്ലാ സെക്രട്ടറി കെ.ജയപ്രകാശ് 

 റസിഡൻസ് അസോസിയേഷനുകൾക്ക് നിയമ പരിഷത്ത് നൽകുന്നതിന് നിയമനിർമ്മാണം വേണം. ആലുവ മുനിസിപ്പാലിറ്റി തൊട്ടടുത്ത പഞ്ചായത്തുകൾ എന്നിവയെ കൂട്ടിച്ചേർത്ത് ആലുവ കോർപ്പറേഷൻ രൂപീകരിക്കണം. മൂന്നാർ ആലുവ റോഡ് എന്നിവ ചുരുക്കിയ നടപടി പുനർപരിശോധിക്കണം. ആലുവയുടെ ഗതാഗത കുരുക്കിന് പരിഹാരം കാണണം. മാഞ്ഞാലി തോട് പുനരുദ്ധാരണം നടത്തി എയർപോർട്ടുമായി ബന്ധിപ്പിച്ച് വാട്ടർ മെട്രോ നടപ്പിലാക്കണം. കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വാട്ടർ മെട്രോ കൊച്ചി മെട്രോ നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം സാധ്യത ഉപയോഗപ്പെടുത്തണം. പെരുമ്പാവൂർ- ആലുവ റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 പുതിയ കോർപ്പറേഷൻ എന്നത് നിലവിൽ പ്രായോഗികമല്ലെന്ന് മറുപടിയായി  മുഖ്യമന്ത്രി പറഞ്ഞു. ശേഷിക്കുന്ന നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ വഴി പരിശോധിക്കും.

 മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ

 യുവതലമുറ വിദ്യാഭ്യാസത്തിന് മറ്റുമായി വിദേശത്തേക്ക് എത്തി സ്ഥിരതാമസമാക്കുന്നതിനെ കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചു. അന്തർദേശീയ സർവ്വകലാശാലകളും തൊഴിൽ സ്ഥാപനങ്ങളും സംസ്ഥാനത്ത് വരേണ്ടത് അനിവാര്യമാണ്. ഇതിനായി മാധ്യമ പിന്തുണ നൽകും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശാക്തീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ ഹബ്ബായി ഉയർത്തും.വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് ഉന്നത വിദ്യാഭ്യാസം മേഖലയിൽ കോഴ്സുകൾ രൂപീകരിക്കും. ഇതുവഴി വിദ്യാർഥികൾക്ക്  തൊഴിൽ കണ്ടെത്തുന്നതിനുള്ള സാധ്യത ഒരുങ്ങും.

 സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. കെ. വി കുഞ്ഞികൃഷ്ണൻ

 പറവൂരിന്റെ വികസന  മുരടിപ്പ് അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. ശോചനീയാവസ്ഥയിലുള്ള സ്റ്റേഡിയം, കോടതി, എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സമ്പൂർണ്ണ ചരിത്ര സാക്ഷരത നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശരിയായ ചരിത്രം ജനവിഭാഗങ്ങളിലേക്ക് എത്തിക്കേണ്ടത് കാലഘട്ടത്തിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 പറവൂരിലെ സ്ഥിതികൾ പരിശോധിക്കും. പറവൂർ കോടതി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 എൽ.എൽ.ബി റാങ്ക് ഹോൾഡർ ലിസ് ജോണി അറക്കൽ

 നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പറഞ്ഞു. നിയമ വിദ്യാഭ്യാസത്തിൽ സർക്കാർ തലത്തിൽ ഏകീകരണം അനിവാര്യമാണ്. ഇതിനായി ലീഗൽ എജുക്കേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കണം.  എറണാകുളം ലോ കോളേജ് പുനരുദ്ധാരണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കോടതികൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ പറഞ്ഞു.

 കോടതികൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കോട്ടപ്പുറം രൂപത ബിഷപ്പ്
 റവ. ഫാ. ഡോ.ആംബ്രോസ് പുത്തൻവീട്ടിൽ

 ദേശീയപാത 66 സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പറവൂരിൽ പട്ടയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് പരിഗണന നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 പട്ടയും സംബന്ധിച്ച വിഷയങ്ങളിൽ നടപടികൾ സ്വീകരിച്ചു വരികയാണെന്നും എല്ലാവർക്കും പട്ടയം ഉറപ്പാക്കും എന്നും മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

 മഹാരാജാസ് കോളേജ് അധ്യാപകനും  കവിയും ഗാനരചയിതാവും സംഗീത നിരൂപകനുമായ ഡോ. മധു വാസുദേവൻ

  കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിന്  പ്രാദേശിക തലങ്ങളിൽ പൊതു ഇടങ്ങൾ രൂപീകരിക്കുന്നതിന്  നടപടികൾ സ്വീകരിക്കണം. ഓരോ പഞ്ചായത്തിലും പൊതുവിടങ്ങൾ രൂപീകരിക്കുന്നത് സാംസ്കാരിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

 എല്ലാ പഞ്ചായത്തുകളിലും എല്ലാ വാർഡുകളിലും പൊതുവിടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

സെന്റ് ജോർജ് ബസിലിക്ക റെക്ടർ ഫാ. തോമസ് പൂച്ചകാട്ട്

 അങ്കമാലിയിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

എഡ്യു മിത്ര സ്ഥാപകൻ സി. കെ സനീഷ്

 ബഹിരാകാശ ശാസ്ത്രമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശില്പശാലകൾ സെമിനാറുകൾ എന്നിവ പൊതുവിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

 പറവൂർ ബാർ അസോസിയേഷൻ സെക്രട്ടറി ശ്രീറാം ഭാരത്

 പറവൂർ കോടതിയുടെ സ്ഥിതി മോശമാണ് ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പുതിയ കെട്ടിടം പണിയുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 പറവൂർ കോടതി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

 അങ്കമാലി നഗരസഭ കൗൺസിലർ ബെന്നി മൂഞ്ഞേലി 

അങ്കമാലിയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപ്പാസും റിംഗ് റോഡും ആവശ്യമാണെന്നും അവയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും   അങ്കമാലി നഗരസഭ  കൗൺസിലർ  ബെന്നി മൂഞ്ഞേലി  പറഞ്ഞു. അങ്കമാലിയെ താലൂക്കാക്കി മാറ്റുന്നതിനുള്ള നടപടി  സ്വീകരിക്കണമെന്നും  പ്രദേശത്ത് നിലനിൽക്കുന്ന  ഭൂമിയുടെ വിലവർധനവുമായി ബന്ധപ്പെട്ട് അങ്കമാലിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

വ്യവസായ പ്രമുഖൻ എസ്. വസന്ത്

സംസ്ഥാനത്തെ വൈദ്യുതക്ഷാമം പരിഹരിക്കുന്നതിന്  തരിശായി കിടക്കുന്ന ഭൂമികൾ സ്വകാര്യ നിക്ഷേപകർക്ക് പാട്ടത്തിനു നൽകി വൈദ്യുതി നിർമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് വ്യവസായി എസ്. വസന്ത് പറഞ്ഞു.  പുനരുപയോഗ സാധ്യമായ വൈദ്യുതിയുടെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്  മുഖ്യമന്ത്രി  പറഞ്ഞു.

എം.വി. നാരായണൻ- കാലടി സർവകലാശാല വൈസ് ചാൻസലർ

ലഹരി മരുന്നുകളുടെ ഉപയോഗത്തിന് ഇരയാകുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൗൺസലിംഗും മനശാസ്ത്ര വിദഗ്ധന്റെ സഹായവും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കാലടി സർവകലാശാല വൈസ് ചാൻസലർ എം.വി. നാരായണൻ പറഞ്ഞു. പട്ടികജാതി പട്ടിക വർഗ വിദ്യാർഥികൾക്കുള്ള ഇ-ഗ്രാന്റ് മുടങ്ങുന്നതു മൂലം നിരവധി ആദിവാസി വിദ്യാർഥികൾ പഠനം നിർത്തുക യാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ പഠനം തുടരുന്നതിന് വായ്പ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഫണ്ട് ലഭിക്കാത്തതു മൂലം വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന കാര്യം വിശദമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

date