Skip to main content

മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചി വാട്ടർ മെട്രോ സന്ദർശിക്കും

നവകേരള സദസ്സ്

 

നവകേരള സദസ്സിന്റെ ഭാഗമായി  നാളെ (8/12/23) രാവിലെ പ്രഭാതയോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുൾപ്പെടുന്ന സംഘം സംസ്ഥാന സർക്കാരിന്റെ  സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ സന്ദർശിക്കുന്നു. രാവിലെ 11 മണിക്ക് കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വൈപ്പിൻ ടെർമിനലിലേക്ക് യാത്ര ചെയ്യും. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ മന്ത്രി പി.രാജീവ്, കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കും. സംഘം കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി തദ്ദേശീയമായി നിർമ്മിച്ച വാട്ടർ മെട്രോ ബോട്ടിൽ യാത്ര ചെയ്യും. 

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് 7 മാസം പിന്നിട്ടിരിക്കുകയാണ്. ഇക്കാലയളവിൽ പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. 
ലോക ജനതയ്ക്ക് മുന്നിൽ മറ്റൊരു കേരള മോഡൽ ആണ് കൊച്ചി വാട്ടർ മെട്രോയിലൂടെ സംസ്ഥാന സർക്കാർ മുന്നോട്ട് വച്ചത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന കൊച്ചി വാട്ടർ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നിലവിൽ 12 ബോട്ടുകളുമായി ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ, ഹൈക്കോർട്ട് ജംഗ്ഷൻ-ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് നടത്തുന്നത്. 

ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് സൌത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസ് ആണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മുളവുകാട് നോർത്ത്, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെയും നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

തുച്ഛമായ തുകയിൽ സുരക്ഷിതമായ യാത്രയാണ് കൊച്ചി വാട്ടർ മെട്രോയുടെ ശീതികരിച്ച ബോട്ടുകളിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.  കൊച്ചി മെട്രോ റെയിലിന് സമാനമായ എല്ലാ സൌകര്യങ്ങളും ലോകത്തിലെ തന്നെ ആദ്യ വാട്ടർ മെട്രോ ആയ കൊച്ചി വാട്ടർ മെട്രോയിലുണ്ട്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. 

1136.83 കോടി രൂപ  ചിലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണുക മാത്രമല്ല ടൂറിസം സാധ്യതകളെ മുന്നിൽ നിർത്തി അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സഹായകരമായി. നഗരവുമായി ബന്ധിപ്പിക്കുന്ന ഗതാഗത മാർഗ്ഗങ്ങൾ ഇല്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകളിലെ നിവാസികളുടെ യാത്രാ ദുരിതങ്ങൾ ഇല്ലാതാക്കാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിക്കുമെന്നത് കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് അഭിമാനകരമായ നേട്ടമാണ്. സമാനതകളില്ലാത്ത ഈ സുസ്ഥിര പൊതുഗതാഗത സംവിധാനം വിജയകരമായി മുന്നോട്ട് പോകുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.

date