Skip to main content

നവകേരള സദസ്സ് ജനാധിപത്യത്തിലെ പുത്തന്‍ മാതൃക: മന്ത്രി പി.പ്രസാദ്

 

അഞ്ച് വര്‍ഷം കൂടുമ്പോള്‍ ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്ന സംവിധാനം എന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം ജനാധിപത്യത്തിന് പുത്തന്‍ മാതൃക സൃഷ്ടിച്ച പരിപാടിയാണ് നവകേരള സദസ്സെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ മൈതാനത്ത് നടന്ന അങ്കമാലി നിയോജകമണ്ഡലം  നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഒട്ടേറെ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച നാടാണ് നമ്മുടേത്. ജനതയുടെ ഇച്ഛ പ്രതിഫലിപ്പിക്കുന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. അങ്കമാലിയില്‍ നടന്ന പ്രഭാതസദസ്സില്‍ പങ്കെടുത്തവരില്‍ തൊഴിലുറപ്പ് തൊഴിലാളി ജിന്‍സിയുണ്ട്. കഴിഞ്ഞ ദിവസം തൃശുര്‍ ജില്ലയില്‍ നടന്ന പ്രഭാതസദസ്സില്‍ ആദിവാസി മൂപ്പത്തിയും വീട്ടമ്മയുമായ മാധവിയുണ്ടായിരുന്നു.  ഇവരൊക്കെയാണ് പ്രതിപക്ഷം ആക്ഷേപിക്കുന്ന പ്രമുഖര്‍. സാധാരണക്കാര്‍ക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് നേരിട്ട് സംവദിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും അതിന് മറുപടി ലഭിക്കാനും അവസരമൊരുക്കുന്ന ഈ നവകേരള സദസ്സ് ജനാധിപത്യത്തിന് തന്നെ പുത്തന്‍ മാതൃകയാണ്. സാധാരണക്കാരന്റെ മുഖവും മനസ്സും പ്രതിഫലിപ്പിക്കുന്ന സര്‍ക്കാരാണിവിടെയുള്ളതെന്നും മന്ത്രി പറഞ്ഞു. 

നവകേരളം കേവലം മുദ്രാവാക്യമല്ലെന്നും മന്ത്രി പറഞ്ഞു. ദരിദ്രരില്ലാത്ത, ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത, എല്ലാവര്‍ക്കും കുടിവെള്ളവും വൈദ്യുതിയും ചികില്‍സയും വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്ന, സമാധാനത്തോടെ ജീവിക്കാനാവുന്ന മതനിരപേക്ഷ കേരളമാണത്. ഈ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച ആദ്യ അജണ്ട ദരിദ്രരില്ലാത്ത കേരളം എന്നതായിരുന്നു. സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദാരിദ്ര്യ പട്ടികയിലുണ്ടായിരുന്നത്. 2025 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിപ്രകാരം 47.8 ശതമാനം കുടുംബങ്ങളെ ഇതിനകം തന്നെ അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനായി. ഭവനരഹിതരില്ലാത്ത കേരളമായി സംസ്ഥാനത്തെ മാറ്റാന്‍ ആരംഭിച്ച ലൈഫ് പദ്ധതിപ്രകാരം 3,56,108 വീടുകളാണ് ഇതിനകം നിര്‍മിച്ചു നല്‍കിയത്. ഭൂരഹിതരായ എല്ലാവരെയും ഭൂ ഉടമകളാക്കി മാറ്റാനാണ് പട്ടയ മിഷന്‍ നടപ്പാക്കുന്നത്. ഏഴരവര്‍ഷം കൊണ്ട് മൂന്ന് ലക്ഷത്തിലധികം പട്ടയങ്ങളാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. 

വര്‍ഗീയ വാദികള്‍ ഇല്ലാത്തതുകൊണ്ടല്ല കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാത്തതെന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ശക്തമായ സര്‍ക്കാര്‍ ഇവിടെയുള്ളതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലുള്ള ക്രൈസ്തവര്‍ ഇക്കുറി ക്രിസ്മസിന് നക്ഷത്രം തൂക്കാന്‍ പോലുമാകുമോ എന്ന് ആശങ്കപ്പെടുമ്പോള്‍ ഇവിടെ കേരളത്തില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ട്രീ കൃഷി വരെ ഏറ്റെടുത്തതായും മന്ത്രി പറഞ്ഞു.  

നവകേരള സദസ്സ് മണ്ഡലത്തിലെ എം എല്‍ എ ബഹിഷ്‌കരിച്ചാലും അങ്കമാലിയെ തങ്ങള്‍ കൈവിടില്ലെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള അങ്കമാലിയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 134 കൃഷിക്കൂട്ടങ്ങള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ജാതികൃഷിയില്‍ മുന്‍പന്തിയിലുള്ള മേഖലയാണ് അങ്കമാലി. ജാതിക്കര്‍ഷകര്‍ക്കായി ബംഗ്ലാവ്പടിയില്‍ കൃഷി വകുപ്പ് നേതൃത്വത്തില്‍ 250 കര്‍ഷകരെ ഉള്‍പ്പെടുത്തി കൊച്ചിന്‍ നട്മെഗ് എന്ന കര്‍ഷക സംഘം രൂപീകരിച്ചത് സദസ്സിനെ സന്തോഷപൂര്‍വം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ വിളകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വില്‍പന നടത്തുന്നതിന് ഇന്ത്യയിലാദ്യമായി സിയാല്‍ മാതൃകയില്‍ കേരള അഗ്രോ ബിസിനസ് കമ്പനി രൂപവത്കരിച്ചു കഴിഞ്ഞു. കറുകുറ്റി കൃഷി വകുപ്പിന്റെ രണ്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കേരള ഗ്രോ ബ്രാന്‍ഡ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മണ്ഡലത്തിലെ കാലടി, തുറവൂര്‍, മൂക്കന്നൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകള്‍ക്ക് കേരഗ്രാമം പദ്ധതി അനുവദിച്ചിട്ടുണ്ട്. കറുകുറ്റിയിലും മൂക്കന്നൂരും ഇക്കോ ഷോപ്പുകളും തുടങ്ങി. അങ്കമാലിയിലെ അഗ്രോ സര്‍വീസ് സെന്ററിന് കൂടുതല്‍ സഹായം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

date