Skip to main content

ആലുവ മണ്ഡലം നവകേരള സദസ്: നവകേരളസദസില്‍ ഒരു നാടാകെ അണിചേര്‍ന്നത് സര്‍ക്കാരിന് കൂടുതല്‍ കരുത്തേകും: മുഖ്യമന്ത്രി

 

ജനങ്ങള്‍ ഒരുമയോടെയും ഐക്യത്തോടെയും കഴിയുന്ന നാടിനു മുന്നില്‍ അസാധ്യമായത് ഒന്നുമില്ലെന്നും നവകേരളസദസില്‍ ഒരു നാടാകെ അണി ചേര്‍ന്നത് സര്‍ക്കാരിന് കൂടുതല്‍ കരുത്തേകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ മണ്ഡലത്തിലെ നവകേരള സദസ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
സംസ്ഥാനത്തിന്റെ ഇന്നത്തെനില ജനസമക്ഷം അവതരിപ്പിക്കുന്നതിനും മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍  സ്വീകരിക്കുന്ന നടപടികള്‍ ചര്‍ച്ച ചെയ്യാനുമാണ് നവകേരള സദസ് സംഘടിപ്പിച്ചത്. ആലുവ മണ്ഡലത്തില്‍ റോഡ് -അനുബന്ധ വികസനങ്ങള്‍ക്കായി 97 കോടി രൂപയുടെ  പദ്ധതികള്‍ നടപ്പിലാക്കി. വിദ്യാഭ്യാസ രംഗത്തെ  പദ്ധതികള്‍ക്കായി 17 കോടി രൂപയും ഖരമാലിന്യ സംസ്‌കരണത്തിനായി 8 കോടി രൂപയും വിനിയോഗിച്ചു. സാമൂഹ്യക്ഷേമ -സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്കായി 32 കോടി രൂപ , കാര്‍ഷിക മേഖലയില്‍ 12 കോടി രൂപ, കുടിവെള്ള പദ്ധതിക്ക് 11 കോടി രൂപ, ആരോഗ്യ - ശുചിത്വ മേഖലയില്‍  20 കോടി  രൂപ എന്നിങ്ങനെ ചെലവാക്കി.
മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീര വികസനം തുടങ്ങിയ മേഖലകളില്‍ 10 കോടി രൂപയും വിനിയോഗിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി 58 ലക്ഷം രൂപയാണ്  ചെലവഴിച്ചത്.

ലൈഫ് ഭവനപദ്ധതി പ്രകാരം 1250 ല്‍ അധികം   വീടുകള്‍ ആലുവ മണ്ഡലത്തില്‍ പൂര്‍ത്തികരിച്ചു. മണ്ഡലത്തിലെ 553 അതി ദാരിദ്ര്യ കുടുംബങ്ങളുള്ളതില്‍ 258 കുടുംബങ്ങളെ അതി ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പോലെ 2025 നവംബര്‍ 1 ല്‍ കേരളം  പൂര്‍ണ്ണമായും അതി ദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മിച്ച 100-ാമത് വീടിന്റെ താക്കോല്‍ ദാനം കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ കാര്‍ത്തു കുട്ടപ്പന് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആലുവയില്‍ കൊല്ലപ്പട്ട കുട്ടിയുടെ മാതാപിതാക്കള്‍ എത്രയും വേഗം നീതി ലഭിച്ചതിന് വേദിയില്‍ നേരിട്ട് എത്തി മുഖ്യമന്ത്രിയോടും മറ്റ് മന്ത്രിമാരോടും നന്ദി അറിയിച്ചു.

മന്ത്രിമാരായ വി.എന്‍ വാസവന്‍, അബ്ദുറഹിമാന്‍, അഹമ്മദ് ദേവര്‍കോവില്‍  എന്നിവര്‍ സംസാരിച്ചു. നവകേരള സദസ് ആലുവ മണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍ വി.സലിം അധ്യക്ഷത വഹിച്ചു. കണ്‍വീനറും ഡെപ്യൂട്ടി കളക്ടറുമായ വി.ഇ അബാസ് നന്ദിയും പറഞ്ഞു.

date