സർക്കാരിന് 'ഹൃദയപൂർവം' നന്ദി പറയാൻ പ്രസാദും കുടുംബവും നവകേരള സദസ്സിൽ
നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂർ മണ്ഡലംതല നവകേരള സദസ്സിലെത്തിയപ്പോൾ തൻ്റെ ജീവിതം തിരികെ തന്ന സർക്കാരിന് 'ഹൃദയപൂർവം' നന്ദി പറയാൻ കടക്കര കരുത്താംപറമ്പിൽ കെ.കെ പ്രസാദും (58) കുടുംബവുമെത്തി.
ഡ്രൈവറായി ജോലി ചെയ്ത് കുടുംബം മുന്നോട്ട് പോകുന്ന സമയത്ത് പ്രസാദിന് ചില ശാരീരിക വിഷമതകൾ അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ രക്തധമനികളിൽ നാലിടത്ത് ബ്ലോക്കുള്ളതായി കണ്ടെത്തി. അടിയന്തിരമായി ബൈപ്പാസ് സർജറി ചെയ്യണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അഞ്ച് ലക്ഷം രൂപയോളം ചെലവിട്ട് ഓപ്പറേഷൻ നടത്താൻ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല ഇവരുടെ കുടുംബം. അങ്ങിനെയാണ് സർക്കാരിൻ്റെ ഹൃദയപൂർവ്വം പദ്ധതിയെപ്പറ്റി അറിയാനിടയായത്.
എറണാകുളം ജനറൽ ആശുപത്രിയിൽ 2021 ഡിസംബർ 17നാണ് പ്രസാദിന് ഹൃദയശസ്ത്രക്രിയ നടത്തിയത്. ഇത് പുതിയ ചരിത്രത്തിന് കൂടി വഴി തുറന്നു. സംസ്ഥാന ചരിത്രത്തിൽ ജനറൽ ആശുപത്രിയിൽ ചെയ്യുന്ന ആദ്യ ബൈപ്പാസ് ശസ്ത്രക്രിയയായി അത് മാറി. സാധാരണക്കാരനായ പ്രസാദിന് തുണയും കരുത്തുമായി മാറിയത് ഈ സർക്കാരിൻ്റെ ഇടപെടലാണ്. പളളിയാക്കൽ സഹകരണ ബാങ്കിലെ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രസാദ് ഭാര്യ ബിന്ദുവിനും, മകൾ ശ്രീലക്ഷ്മിക്കുമൊപ്പമാണ് നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയത്.
- Log in to post comments