Skip to main content

ചോറോട് കല്ലറക്കൽ തോട് നവീകരിക്കുന്നു

 

ചോറോട് പഞ്ചായത്തിലെ 20,21 വാർഡുകളിലൂടെ കടന്നുപോകുന്ന കല്ലറക്കൽ തോടിന്റെ നവീകരണത്തിനായി ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്ക് സർക്കാർ അനുമതി. കല്ലറക്കൽ തോട് ഡ്രെയിനേജ് കം ഫുട്പാത്ത് എന്ന പദ്ധതിക്കാണ് തുക വകയിരുത്തിക്കൊണ്ട് ഉത്തരവായിരിക്കുന്നത്. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്  തോട് കടന്നുപോകുന്ന വഴികൾ  കെ.കെ.രമ എം.എൽ.എയുടെ നേതൃത്വത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു.

കക്കാട്ട് പള്ളിയിലെ ചോറോട് ബാങ്കിന്റെ ശാഖ നിൽക്കുന്ന സ്ഥലം മുതൽ അങ്കണവാടി വഴി കടന്നുപോകുന്ന തോടിന്റെ ഇരുവശങ്ങളും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാനും ഭാവിയിൽ സഞ്ചാരയോഗ്യമാക്കാനും കഴിയും വിധമാണ് പ്രവൃത്തി രൂപകല്പന ചെയ്തിരിക്കുന്നത്. കടലിൽ ചെന്ന് അവസാനിക്കുന്ന ഈ തോട്ടിൽ വേലിയേറ്റ സമയങ്ങളിൽ കടൽവെള്ളം തിരിച്ചു കയറി പരിസരത്തുള്ള കിണറുകളിലും മറ്റും ഉപ്പുവെള്ളം നിറയുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതു കാരണം കുടിവെള്ളത്തിനായി മറ്റു സ്രോതസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്ക്. വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ഇത്തരം പ്രശ്‍നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ സാധിക്കും.  ഇറിഗേഷൻ ഉദ്യോഗസ്ഥർ വൈകാതെ തന്നെ ഡീറ്റൈൽ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കുമെന്നും, സാങ്കേതിക അനുമതികൾ ലഭ്യമായ ഉടൻ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ അറിയിച്ചു.
 പഞ്ചായത്ത് പ്രസിഡന്റ് പി.പി  ചന്ദ്രശേഖരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള കൃഷ്ണാർപ്പിതം, വാർഡ് മെമ്പർമാരായ അബൂബക്കർ, ആബിദ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സത്യൻ, അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ ഹബി, എ.ഇ രാജ്‌മോഹൻ, ഓവർസിയർ രൂപിഷ പ്രദേശത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

date