Skip to main content

വിവരം നൽകുമ്പോൾ പേര് അറിയിക്കാത്ത ഓഫീസർമാർ ശിക്ഷാർഹർ:  വിവരാവകാശ കമ്മീഷണർ

 

കമ്മീഷൻ തെളിവെടുപ്പിൽ 16 പരാതികൾ പരിഗണിച്ചു

വിവരം നൽകുമ്പോൾ പേര് അറിയിക്കാത്ത ഓഫീസർമാർ ശിക്ഷാർഹരെന്ന് വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. ചൊവ്വാഴ്ച കോഴിക്കോട് ആസൂത്രണ ഭവൻ  കോൺഫറൻസ് ഹാളിൽ കമ്മീഷൻ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ അപേക്ഷകരെ ഒന്നാം അപ്പീൽ അധികാരി ഹിയറിംഗിന് വിളിക്കുന്നതിന് ചട്ടം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  വിവരാവകാശ ഓഫീസർ തനിക്ക് ലഭിച്ച അപേക്ഷകളിൽ അവശ്യപ്പെടുന്ന വിവരങ്ങൾ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കിൽ അവിടേക്ക്  അയച്ചുകൊടുക്കണം. ഇത്തരം അപേക്ഷകൾക്ക് അപേക്ഷാ ഫീസ് ഇല്ലാതെ  വിവരങ്ങൾ ലഭ്യമാക്കണം. ഇപ്രകാരം അപേക്ഷ രണ്ടാമത്തെ ഓഫീസിലേക്ക് അയച്ചു നൽകാതിരുന്ന കോഴിക്കോട് ജില്ലയിലെ നാല് ഓഫീസർമാരെ ചട്ടപ്രകാരം ശിക്ഷിക്കാൻ കമ്മീഷൻ തീരുമാനിച്ചതായും കമ്മീഷണർ പറഞ്ഞു.

വിവരങ്ങൾ ലഭിക്കാൻ കാലതാമസം ഉണ്ടായി എന്നുള്ള നാല് കേസുകളിൽ കമ്മീഷൻ തൽക്ഷണം വിവരങ്ങൾ ലഭ്യമാക്കി. അപേക്ഷകന് ഒരു മാസം കഴിഞ്ഞ് വിവരം നൽകിയ മലബാർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെതിരെ സെക്ഷൻ 20(1) പ്രകാരം ശിക്ഷാ നടപടി എടുക്കാൻ തീരുമാനിച്ചു.

വണ്ടിപ്പേട്ട ഹൗസിങ് ബോർഡ് കോളനിയിൽ അനധികൃതമായി ഒഴിപ്പിച്ച ഭവനം മറ്റൊരാൾക്ക് അനുവദിച്ച് നൽകി എന്ന പരാതിയിന്മേൽ ഉന്നതതല അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടു. പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ ജീവനക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക്  ഒരാഴ്ചക്കകം മറുപടി ലഭ്യമാക്കാമെന്ന് ബന്ധപ്പെട്ട ഓഫീസർമാർ രേഖാമൂലം എഴുതി നൽകി. കുത്താട്ടുകുളം നഗരസഭയിലെ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകാതിരുന്ന ഇപ്പോഴത്തെ എൽ.എസ്.ജി.ഡി കോഴിക്കോട് നോർത്ത് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥൻ ഹർജിക്കാരന് വിവരം നൽകാൻ താൽപര്യം എടുത്തില്ല എന്ന് കമ്മീഷൻ വിലയിരുത്തി. ഇയാൾക്കെതിരെ ശിക്ഷാ നടപടി എടുക്കാൻ തീരുമാനിച്ചു. 

വിവരം ലഭ്യമല്ല എന്ന മറുപടി കുറിച്ച കത്തിൽ സ്വന്തം പേരും മറ്റ് വിവരങ്ങളും മറച്ച് വെച്ചതിന് ഉദ്യോഗസ്ഥന് ഇമ്പോസിഷനും കൊടുത്തു.   

കോഴിക്കോട് മുൻസിഫ് ഓഫീസിൽ ലഭിച്ച വിവരാവകാശ അപേക്ഷക്ക് 14 ദിവസത്തിനകം മറുപടി നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. ബേപ്പൂർ പോർട്ട് ഓഫീസിൽ ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും മറ്റ് വിവരങ്ങളും ചേർക്കാത്തതിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥക്കും കമ്മീഷൻ ഇമ്പോസിഷൻ നൽകി. വടകര പോലീസ് സ്റ്റേഷനിൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട എഫ്.ഐ.ആർ കോപ്പി  നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. വടകര ആർ.ഡി.ഒ ഓഫീസിലെ വിവരാവകാശ നിയമം പ്രകാരം ലഭിച്ച അപേക്ഷയിൽ ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഫയൽ ആർ.ഡി.ഒക്ക് മടക്കി.

date