Skip to main content
മാലിന്യമുക്തം നവകേരളം; പ്രോത്സാഹനമായി കളക്ടേഴ്‌സ് ട്രോഫി

മാലിന്യമുക്തം നവകേരളം; പ്രോത്സാഹനമായി കളക്ടേഴ്‌സ് ട്രോഫി

ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കളക്ടേഴ്‌സ് ട്രോഫിയും വാര്‍ഡ്/ഡിവിഷന്‍ മെമ്പര്‍മാര്‍ക്ക് അനുമോദനപത്രവും നല്‍കി ആദരിച്ചു. രാമവര്‍മ്മപുരം വിജ്ഞാന്‍ സാഗര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ മികച്ച വരുമാനം കണ്ടെത്തിയവര്‍ക്കാണ് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചത്. പഞ്ചായത്ത് തലത്തില്‍ 10,000 രൂപ മുതല്‍ മുകളിലേയ്ക്കും നഗരസഭയില്‍ 15,000 രൂപ മുതലും കോര്‍പ്പറേഷനില്‍ 25000 രൂപ മുതലും വരുമാനം ലഭിച്ച 394 വാര്‍ഡുകള്‍/ഡിവിഷനുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ഇരുപതാം ഡിവിഷനുവേണ്ടി ആദ്യ പുരസ്‌കാരം ഏറ്റുവാങ്ങി. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് എത്തി പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. ഒരു പവന്റെ വിവാഹമോതിരം ജോലിക്കിടെ ലഭിച്ചത് തിരികെ നല്‍കി മാതൃകയായ പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഹരിതകര്‍മ്മ സേനാംഗമായ നളിനിയ്ക്കും പരിപാടിയുടെ ഭാഗമായി പ്രത്യേക ആദരം നല്‍കി.

തുടര്‍ന്ന് മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും, തുടര്‍ പ്രവര്‍ത്തങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി ബന്ധപ്പെട്ട യോഗം ചേരുകയും വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കി അവതരണങ്ങള്‍ നടത്തുകയും ചെയ്തു.

നവകേരളം കര്‍മ്മ പദ്ധതി - 2 ജില്ലാ കോഡിനേറ്റര്‍ സി. ദിദിക സ്വാഗതമാശംസിച്ച യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ വിശിഷ്ടാതിഥിയായിരുന്നു. പ്ലാനിങ് ബോര്‍ഡ് എസ്.ആര്‍.ജി അംഗം അനൂപ് കിഷോര്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, സെക്രട്ടറിമാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്നാം സ്ഥാനം കരസ്ഥമാക്കി തൃശ്ശൂര്‍

സംസ്ഥാനതലത്തില്‍ യൂസര്‍ ഫീ കളക്ഷനില്‍ തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ ജനുവരിയില്‍ പതിനൊന്നാം സ്ഥാനത്തായിരുന്ന ജില്ല നവംബറിലെ കണക്ക് പ്രകാരമാണ് മൂന്നാം സ്ഥാനത്തെത്തിയത്. ജനുവരിയില്‍ 1.11 കോടി (1,11,57,000 രൂപ) ആയിരുന്ന യൂസര്‍ ഫീ കളക്ഷന്‍ നവംബര്‍ മാസം പൂര്‍ത്തീകരിച്ചപ്പോള്‍ 2.41 കോടിയായി (2,41,92,000 രൂപ) വര്‍ദ്ധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. മാലിന്യമുക്ത നവ കേരളത്തിന്റെ ഹ്രസ്വ കാലഘട്ട പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 30 നു പൂര്‍ത്തിയായി. ദീര്‍ഘ കാലഘട്ട പ്രവര്‍ത്തനങ്ങള്‍ 2024 മാര്‍ച്ച് 31 പൂര്‍ത്തിയാകും.

പ്രോത്സാഹനമായി കളക്ടേഴ്‌സ് ട്രോഫി

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വാര്‍ഡ്/ഡിവിഷന്‍ മെമ്പര്‍മാര്‍ക്കും ഹരിത കര്‍മ്മ സേനയ്ക്കും ഉള്‍പ്പെടെ പ്രോത്സാഹനം നല്‍കുന്ന കളക്ടേഴ്‌സ് ട്രോഫി രണ്ടാം ഘട്ടത്തിലും നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ അറിയിച്ചു. 2024 ജനുവരി മാസത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച വിജയം കാഴ്ചവയ്ക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലത്തില്‍ 20,000 രൂപ മുതലും നഗരസഭകളില്‍ 30,000 രൂപ മുതലും കോര്‍പ്പറേഷന്‍ ഡിവിഷനില്‍ 40,000 മുതല്‍ മുകളിലേക്കും വരുമാനം ലഭിക്കുന്നവര്‍ രണ്ടാം ഘട്ടം കളക്ടേഴ്‌സ് ട്രോഫിക്ക് അര്‍ഹരാകും.

date