Skip to main content
ഗ്രാമീണ ഗവേഷക സംഗമത്തിന് തുടക്കമായി

ഗ്രാമീണ ഗവേഷക സംഗമത്തിന് തുടക്കമായി

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തിന് തുടക്കമായി. പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി നിര്‍വഹിച്ചു.

മികച്ച ഗ്രാമീണ സാങ്കേതിക വിദ്യ കണ്ടെത്തുന്നതിനുള്ള മത്സരവും സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനവും സംഗമത്തില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് തങ്ങളുടെ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവസരം ഉണ്ടാക്കുക, ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്ക് അന്യോന്യം അറിവ് പങ്കുവയ്ക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനും അവസരമൊരുക്കുക, പൊതുജനങ്ങള്‍ക്ക് സാങ്കേതികവിദ്യകള്‍ കാണുന്നതിനും മനസ്സിലാക്കുന്നതിനും അവസരം നല്‍കുക, ബൗദ്ധിക സ്വത്തവകാശ നിയമത്തെക്കുറിച്ചും ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ചും ഗ്രാമീണ ഗവേഷകര്‍ക്ക് അറിവ് നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എല്ലാ വര്‍ഷവും ഗ്രാമീണ ഗവേഷക സംഗമം സംഘടിപ്പിക്കുന്നത്.

പങ്കെടുത്തവരില്‍ നിന്നും ഏറ്റവും മികച്ച സാങ്കേതികവിദ്യക്ക് മുഖ്യമന്ത്രിയുടെ റൂറല്‍ ഇന്നോവേഷന്‍ അവാര്‍ഡ് നല്‍കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡ്, വിദ്യാര്‍ത്ഥി റൂറല്‍ ഇന്നൊവേഷന്‍ അവാര്‍ഡ്, പ്രത്യേക അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകളും നല്‍കും.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (സയന്‍സ് ആന്റ് ടെക്‌നോളജി) പ്രൊഫ. ഡോ. കെ.പി. സുധീര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.സി.എസ്.ടി.ഇ സയന്റിസ്റ്റ് - ബി ഡോ. ബി.എം ഷെറിന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കെ.എസ്.സി.എസ്.ടി.ഇ മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാര്‍, തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. സതീഷ്, തൃശൂര്‍ ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ എസ്. ഷീബ, സി.എം.ഇ.ടി സയന്റിസ്റ്റ് ഡോ. എസ്. ശങ്കരനാരായണന്‍ പോറ്റി, കെ.എസ്.സി.എസ്.ടി.ഇ - കെ.എഫ്.ആര്‍.ഐ റെജിസ്ട്രാര്‍ ആന്റ് ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമീണ ഗവേഷക സംഗമം ഇന്ന് (ഡിസംബര്‍ 20) സമാപിക്കും.

date