Skip to main content

ദേശീയ സരസ് മേളയ്ക്ക് വർണ്ണ ശബളമായ വിളംബരജാഥയോടെ  തുടക്കം

 

ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംസ്ഥാന ദാരിദ്ര്യ നിർമ്മാർജന മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് വർണ്ണ ശബളമായ വിളംബരജാഥയോടെ തുടക്കം.  കലൂർ മണപ്പാട്ടി പറമ്പിൽ നിന്നും ആരംഭിച്ച വിളംബര ജാഥയിൽ നൂറിലധികം പ്രാദേശിക കലാകാരന്മാരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.

സരസ് മേളയുടെ പ്രചാരണാർത്ഥം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സഞ്ചരിച്ചു വന്ന ദീപശിഖ കുടുംബശ്രീ ജില്ലാ മിഷൻ കോ - ഓഡിനേറ്ററും ജനറൽ കൺവീനറുമായ റ്റി.എം റെജീന ദേശീയ സരസ് മേളയുടെ പ്രധാന വേദിയിൽ എത്തിച്ചു. വിളംബര ഘോഷയാത്രയിൽ തെയ്യം,പടയണി, പൂക്കാവടി, കുടുംബശ്രീ പദ്ധതികളുടെ പ്ലോട്ടുകൾ,രാമംഗലം സി ഡി എസിന്റെ മിന്നൽ സേന, ധീരം കരാട്ടെ സംഘത്തിന്റെ പ്രകടനം എന്നിവ അണിനിരന്നു.
 ജില്ലയിലെ 101 സി ഡി എസ് ഗ്രൂപ്പുകളിലെ മുന്നൂറിലധികം  അംഗങ്ങൾ പങ്കെടുത്ത വിളംബര ജാഥയിലൂടെ കുടുംബശ്രീ പ്രവർത്തകരുടെ ഒത്തൊരുമയ്ക്ക് നഗരം സാക്ഷ്യം വഹിച്ചു.

 ആദ്യമായാണ്  ജില്ലയിൽ സരസ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഉൽപ്പന്ന പ്രദർശനവും ഓരോ സംസ്ഥാനത്തെയും വ്യത്യസ്ത രുചി വിഭവങ്ങളും കലാസന്ധ്യയും സെമിനാറുകളുമാണ്  കുടുംബശ്രീ കൊച്ചി ദേശീയ സരസ് മേള '23'ൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ  ഒന്നാം ദിനത്തിൽ  രംഗശ്രീ കലാ ടീം അവതരിപ്പിച്ച ലിംഗ അധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയുള്ള  നൃത്തശില്പം ആസ്വാദക മനം കവർന്നു.

ഡിസംബർ 21 മുതൽ ജനുവരി ഒന്നു വരെ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിലാണ് സരസ് വിപണന പ്രദർശന മേള നടക്കുന്നത്.

date