Skip to main content

ഇന്ത്യൻ വൈവിധ്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കി കൊച്ചി ദേശീയ സരസ് മേള

 

മഹാരാഷ്ട്രയിലെ ചെരിപ്പുകൾ മുതൽ മേഘാലയയിലെ തുണിത്തരങ്ങൾ വരെ ഇന്ത്യൻ വൈവിധ്യങ്ങൾ അണിനിരക്കുന്ന  ദേശീയ സരസ് മേളയ്ക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ  വൻ ജനപങ്കാളിത്തത്തോടെ തുടക്കം. രാജ്യത്തെ ഗ്രാമീണ സംരംഭകരുടെ ഉൽപന്നങ്ങളെല്ലാം ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന സരസ് മേളയിൽ ഇന്ത്യൻ സംസ്കാരങ്ങൾ പ്രതിഫലിക്കുന്ന 250 സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കുടുംബശ്രീയുടെ മുഖമുദ്ര തന്നെമാറ്റി മറിച്ച 'തിരികെ സ്കൂളിൽ' ക്യാമ്പയിൻ മാതൃകയിൽ നിന്ന് ആരംഭിക്കുന്ന പ്രദർശന വിപണന മേളയിൽ കരകൗശല, കൈത്തറി ഉൽപ്പന്നങ്ങളുടെ വ്യത്യസ്തമാർന്ന സ്റ്റാളുകളാണ് ജനങ്ങളെ കാത്തിരിക്കുന്നത്.   

മഹാരാഷ്ട്ര,  മേഘാലയ, ഉത്തർപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര തെലങ്കാന, കർണാടക തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളുടെ വസ്ത്ര വൈവിധ്യങ്ങൾ ഫാഷന്റെ സിരാകേന്ദ്രമായ കൊച്ചിയിൽ അവതരിപ്പിക്കുകയാണ് സരസ്മേള. മുള ഉപകരണങ്ങൾ, പലഹാരങ്ങൾ, ആഭരണങ്ങൾ, ബാഗുകൾ, കരകൗശല വസ്തുക്കൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ തനത് ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയ്ക്ക് മിഴിവേകും.

വ്യത്യസ്തമാർന്ന ഭക്ഷ്യോത്പനങ്ങളുടെ പ്രദർശനവും വിപണനവും  ആസ്വാദകരുടെ മനം കവരും. കുടുംബശ്രീയുടെ കരുത്തുറ്റ സംരംഭങ്ങളായ ജെൻഡർ ഹെല്പ് ഡെസ്ക്  സ്നേഹിതയുടെയും മെഡിക്കൽ ഹെല്പ് ഡെസ്ക് സാന്ത്വനത്തിന്റെയും സ്റ്റാളുകൾ മേളയുടെ അഭിമാനമാണ്. 

മികച്ച വിപണി സാധ്യതകൾക്കൊപ്പം രാജ്യത്തെ വിവിധ സംസ്കാരങ്ങളും തനത് ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ എത്തുന്നു എന്നതാണ് സരസ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത.  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്ത മേള 2024 ജനുവരി ഒന്നിന് സമാപിക്കും.

date