Skip to main content

വരാപ്പുഴ ടൂറിസം ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാകും

 

പത്തു ദിവസക്കാലം നീണ്ടുനിൽക്കുന്ന വരാപ്പുഴ ടൂറിസം ഫെസ്റ്റിന് ഡിസംബർ 22 വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് നാലിന് വരാപ്പുഴ പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ  ആരംഭിക്കുന്ന ഘോഷയാത്രയിൽ വൈവിധ്യമാർന്ന കലാരൂപങ്ങളോടെ ആയിരങ്ങൾ അണിനിരക്കും. 

തുടർന്ന് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ  ക്ലാസിക്കൽ ഫ്യൂഷനും കൊച്ചിൻ മ്യൂസിക് ട്രാക്കിന്റെ ഗാനമേളയും ഉണ്ടാകും. 23 വൈകിട്ട് ഏഴിനാണ് ഉദ്ഘാടന സമ്മേളനം. ഫെസ്റ്റിനോടനുബന്ധിച്ച് 23ന് വൈകിട്ട് എട്ടിന് ചാലക്കുടി ഉണർത്തിന്റെ നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 24ന് വൈകിട്ട് ഏഴിന് കാക്ക മ്യൂസിക് ബാന്റിന്റെ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ നൈറ്റ്,  25ന് താമരശ്ശേരി ചുരം ബാന്റിന്റെ മെഗാ മ്യൂസിക്കൽ നൈറ്റ് എന്നിവ ഉണ്ടാകും. 26 വൈകിട്ട് ഏഴിന്  സിനിമ - ടെലിവിഷൻ താരം ബിനു അടിമാലിയും സംഘവും അവതരിപ്പിക്കുന്ന മെഗാ കോമഡി ഷോ,  27ന് പാലാപ്പിള്ളി ഫെയിം അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന മെഗാ  മ്യൂസിക്കൽ നൈറ്റ്, 28ന്  പയ്യപ്പിള്ളി തമ്പി ആശാനും സംഘവും അവതരിപ്പിക്കുന്ന ചവിട്ടുനാടകം, 29ന് കൊല്ലം അനശ്വര തീയേറ്റർ അവതരിപ്പിക്കുന്ന പ്രൊഫഷണൽ നാടകം, മുപ്പതിന് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 31ന്  ഡിജെ നൈറ്റ്  എന്നിവയും ഉണ്ടാകും. 

പ്രാചീന സവാരികൾ, നാടൻ ഭക്ഷ്യമേള, അമ്യൂസ്മെന്റ് പാർക്ക്, ഗോസ്റ്റ് ഹൗസ്,  ഫിഷ് മസാജിങ്, വാണിജ്യ മേള, നാട്ടങ്ങാടി, കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയും ഫെസ്റ്റിന് മികവേകും. പ്രദർശന നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വരാപ്പുഴ ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് ഫെസ്റ്റ് നടത്തുന്നത്.

date