Skip to main content

നവോത്ഥാന മൂല്യങ്ങളുയർത്തിയാണ് നവകേരളസദസ്സ് സംഘടിപ്പിക്കുന്നത്: മുഖ്യമന്ത്രി

           ഭേദങ്ങളൊന്നുമില്ലാതെ ജനം ഒഴുകിയെത്തുന്ന നവകേരള സദസ്സ് നവോത്ഥാന മൂല്യങ്ങളുയർത്തിപ്പിടിച്ചാണ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി. ആര്യനാട് നസ്‌റേത്ത് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന അരുവിക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

           നവംബർ 18ന് മഞ്ചേശ്വരത്ത് നിന്നാണ് നവകേരള സദസ്സ് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആദ്യ പരിപാടി ശിവഗിരിയിൽ നിന്നാണ് ആരംഭിച്ചത്. നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളാനും നാട് കടന്നു വന്ന വഴികൾ ഓർക്കുന്നതിനുമുള്ള വേദി കൂടിയാണ് നവകേരള സദസ്സ്. ഈ സന്ദേശം പൊതു സമൂഹം നല്ല നിലയിൽ ഏറ്റെടുത്തു. പരിപാടി നടക്കുന്ന ഈ വലിയ ഗ്രൗണ്ടിൽ പോലും ഒതുങ്ങാത്ത  ജനസഞ്ചയമാണ് ഇവിടെയെത്തിയിരിക്കുന്നത്. അരുവിക്കരയെപ്പോലെ പല മണ്ഡലങ്ങളും ജന ബാഹുല്യത്താൽ നിറഞ്ഞു. പതിനായിര കണക്കിനാണ് ജനം നവകേരള സദസ്സിലേക്ക് ഒഴുകിയെത്തുന്നത്.

           നാടിനെ തകർക്കാൻ ആരെയും അനുവദിക്കില്ല എന്ന സന്ദേശമുയർത്തിയാണ് കേരളം ജനകീയ പ്രതിരോധം ഉയർത്തുന്നത്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചടത്തോളം ആരെയും എതിർക്കാനല്ല പക്ഷേ നമുക്ക് മുന്നേറാനാകണം എന്നതാണ് നിലപാട്. അത് നാടിന്റെ ആവശ്യമാണ് തടസ്സം നിൽക്കുന്നവർ തിരുത്തണമെന്നാണ് കേരളമൊന്നടങ്കം ആവശ്യപ്പെടുന്നത്. കാലാനുസൃതമായ പുരോഗതി നാം നേടി. എന്നാൽ വികസന തുടർച്ചക്കും ഭാവി മുന്നേറ്റങ്ങൾക്കും കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമുണ്ട്.

           ജനങ്ങൾ കേരളത്തിന്റെ പൊതു താൽപര്യങ്ങൾക്ക് വേണ്ടി അണിചേരുകയാണ് ചെയ്യുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ജനാവലിയാണ് നവകേരള സദസ്സിലുണ്ടായത്. നാടിന്റെ പ്രശ്‌നങ്ങളിൽ ഒന്നു ചേരുക എന്നതിൽ സന്തോഷിക്കേണ്ടതിനു പകരം അമർഷവും രോഷവുമാണ് പ്രതിഷേധിക്കുന്നവർക്കുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ  ഡോ.ആർ ബിന്ദുവി എൻ വാസവൻപി പ്രസാദ് എന്നിവർ സംസാരിച്ചു. ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു. അരുവിക്കരയുടെ വികസന രേഖ  മന്ത്രി വി ശിവൻകുട്ടിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഗോത്ര സമൂഹത്തിന്റെ ആദരമായി തലപ്പാവും അമ്പും വില്ലും കാട്ടുതേനും ഊര് മൂപ്പന്മാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. വിദ്യാർത്ഥിയായ അനന്ദു വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം വേദിയിൽ കൈമാറി.

പി.എൻ.എക്‌സ്. 6005/2023

date